താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്ക് വിലക്ക്, വിശദാംശങ്ങള്‍ അറിയാം

Published : Oct 28, 2023, 07:52 PM ISTUpdated : Oct 28, 2023, 09:55 PM IST
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്ക് വിലക്ക്, വിശദാംശങ്ങള്‍ അറിയാം

Synopsis

ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കും

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍  വീണ്ടും വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടർ. അവധി ദിനങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർദ്ധിക്കുന്നത് കണക്കിലെടുത്താണാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ചുരത്തിൽ അനധികൃതമായി വാഹനം പാർക്കു ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നിർദേശം നൽകിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ ശക്തമായ ഗതാഗതക്കുരുക്ക്  ആവർത്തിക്കുന്ന  സാഹചര്യത്തിലാണ് അവധി ദിനങ്ങളില്‍  വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഉത്തരവിട്ടത്.

ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങളിലും, രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിൽ വലിയ വാഹനങ്ങള്‍  ചുരത്തിൽ അനുവദിക്കില്ല. ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍,  പത്ത് ചക്രത്തില്‍ കൂടുതലുള്ള  ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ചുരത്തിൽ വാഹനങ്ങളുടെ പാർകിംഗിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടക്കും.
ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള  സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അവധി ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങള്‍ എത്തി ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ സമാന നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസവും ഗതാഗതം തടസമുണ്ടായത് കണക്കിലെടുത്താണ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. നേരത്തെയും പലതവണ ഗതാഗതകുരുക്കുണ്ടായപ്പോള്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപ്പായില്ല. പലഘട്ടങ്ങളിലായി ഉത്തരവിറക്കുമ്പോഴും ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ പൊലീസോ അധികൃതരോ തയ്യാറാകുന്നില്ലെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.


ഇന്ന് രാവിലെയും  താമരശ്ശേരി ചുരം എട്ടാം വളവില്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. എട്ടാം വളവില്‍ മൂന്ന് മണിയോടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചായിരുന്നു ആദ്യം അപകടം. പിന്നീട് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബസുകള്‍ റോഡിന് വശത്തേക്ക് മാറ്റിയിട്ടു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബസുകളിലൊന്ന് ഗാരേജിലേക്ക് മാറ്റുന്നതിനായി പുറപ്പെട്ടയുടന്‍ എയര്‍ പൈപ്പ് പൊട്ടി മതിലിനിടിക്കുകയായിരുന്നു. ഇതോടെ ചുരത്തിലൂടെ ഭാഗികമായി മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളു. കുറച്ചു സമയം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നെങ്കിലും പൊലീസും ചുരം എന്‍.ആര്‍.ഡി.എഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കുരുക്കിലാകാതെ നോക്കുകയായിരുന്നു. 

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; പ്രായോഗിക പരിഹാരം കണ്ടേ തീരൂവെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ