പൂച്ച കുറുകെ ചാടി, ആന വിരണ്ടോടി? എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

By Web TeamFirst Published Nov 26, 2021, 5:57 PM IST
Highlights

 പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല. 

കൊല്ലം: കൊട്ടാരക്കര (Kottarakkara) വെട്ടിക്കവലയിൽ ആനയിടഞ്ഞതിനെ തുടർന്ന് എംസി റോഡിൽ (MC road) ഗതാഗതം തടസപ്പെട്ടു. ഉത്സവത്തിന് എത്തിച്ച മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത് (elephant run away). ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറോളം ആന പിടിതരാതെ പരക്കം പാഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും നാലേ കാലോടെ ആനയെ തളച്ചു. അപകടസാധ്യത മുൻനിർത്തി മയക്കുവെടിവയ്ക്കാനായി വനംവകുപ്പ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. 

വെട്ടിക്കാവ് ക്ഷേത്ര പരിസരത്ത് നിന്നും  നാലു കിലോമീറ്ററോളം വിരണ്ടോടിയ ആനയെ ഏറെ പണിപ്പെട്ടാണ് തളച്ചത്. ആനയ്ക്ക് മുൻപിലും പിന്നിലുമായി പലവട്ടം പാപ്പാൻമാർ ഓടി. അവർക്കൊപ്പം പിന്നാലെയുമായി നെടുമൺകാവ് മണികണ്ഠൻ എന്ന ആനയും ഓടി. വെട്ടിക്കവല ക്ഷേത്ര പരിസരത്തു നിന്ന് ഈ ഓട്ടം തുടങ്ങിയ ആന ഓടി ഓടി എം സി റോഡിൽ കയറിയതോടെ ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു,

ആന വിരണ്ടതറിഞ്ഞ് വൻ പൊലീസ് സംഘം റോഡിലിറങ്ങി. എം സി റോഡിലൂടെ പോകേണ്ട വണ്ടികളത്രയും വഴി തിരിച്ചു വിട്ടു. നാട്ടുകാരെ നന്നായി വിരട്ടിയെങ്കിലും വന്ന വഴിയിൽ കാര്യമായ  നാശനഷ്ടമൊന്നും ഉണ്ടാക്കാതെയായിരുന്നു മണികണ്ഠനാനയുടെ ഓട്ടം. പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല. 

ഒടുവിൽ നാലു കിലോ മീറ്ററിലേറെ ഓടിയ ആന എം സി റോഡിൽ നിന്നകന്ന് കക്കാട്ടെ റബർ തോട്ടത്തിൽ ഓട്ടം നിർത്തി. ഈ സമയത്ത് എത്തിയ എലിഫന്റ് സ്ക്വാഡും വനം വകുപ്പുദ്യോഗസ്ഥരും കൂച്ചുവിലങ്ങിട്ട് ആനയെ തളക്കുകയായിരുന്നു. പൂച്ച കുറുകെ ചാടിയപ്പോൾ പരിഭ്രാന്തനായി ആന ഓടിയെന്നാണ് പാപ്പാൻമാർ പറയുന്നത്. എന്നാൽ പാപ്പാൻമാരുടെ വാദം പൂർണമായി വിശ്വസിക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

click me!