കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കും, പ്രദേശത്ത് നിരോധനാജ്ഞ

By Web TeamFirst Published Apr 12, 2024, 1:39 PM IST
Highlights

സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആന ക്ഷീണിതനാണ്

കോതമംഗലം: കോട്ടപ്പടിയിൽ ഇന്ന് പുല‍ർച്ചെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്.  സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആന ക്ഷീണിതനാണ്. പരിക്കേൽക്കുകയും ചെയ്തു. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ അടക്കം സ്ഥലത്തെത്തി. ആനയെ പുറത്തെത്തിക്കുന്ന ദൌത്യം നീളും. ചൂട് കുറഞ്ഞ ശേഷമായിരിക്കും  മയക്കു വെടി വെക്കുക.

35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ, ഐഎൻഎസ് സിന്ധുധ്വജ് പൊളിക്കാൻ അഴീക്കൽ തുറമുഖത്ത്

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങള്‍

1. മനുഷ്യ-മൃഗ സംഘർഷത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സഹകരണം സ്ഥലത്തെ ജനങ്ങൾ ലഭ്യമാക്കണം.
2. ദുരന്ത പ്രതികരണം ഏത് രീതിയിൽ വേണം എന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കും
3. ആനയെ കരകയറ്റിയ ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും തദേശ സ്ഥാപന വകുപ്പും കൂടി ആലോചിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ തുടർ നടപടി സ്വീകരിക്കും 
4. ആനയെ കരയ്ക്ക് എത്തിക്കുന്ന അവസരത്തിൽ ആക്രമണ സ്വഭാവം കാണിക്കാനും വിവിധ ദിശകളിൽ ഓടാനും സാധ്യത ഉണ്ട് എന്നതിനാൽ പ്രദേശവാസികള്‍ കിണറിൽ നിന്നും ചുരുങ്ങിയത് 500 മീറ്റർ അകലം പാലിക്കണം
5. രക്ഷാപ്രവർത്തനം കാണാൻ മറ്റ് പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരം എന്ന നിലയിൽ പ്രസ്തുത സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കുക
6. ദുരന്ത പ്രതികരണത്തിന് തടസം നിന്നാൽ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടികൾ നേരിടേണ്ടിവരും

 

click me!