Bus Charge Hike : ബസ് ചാര്‍ജ് വര്‍ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായുള്ള ചര്‍ച്ച മാറ്റിവെച്ചു

By Web TeamFirst Published Dec 8, 2021, 5:41 PM IST
Highlights

അതേസമയം ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.

തിരുവനന്തപുരം: ബസ് ചാര്‍ജ് (Bus charge) വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju) നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്താനിരുന്നത്. ഇന്ധന വില വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച വിളിച്ചത്. 

അതേസമയം ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. ഇരുപത്തിയൊന്നിന് മുമ്പ് സർക്കാരുമായി ചർച്ചയ്ക്ക് തയാറാണ്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ല. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഒരു മാസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു.  ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിത കാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ പറഞ്ഞു.

അതേസമയം ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

click me!