
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്. തൻ്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്ന് ഗണേഷ്കുമാർ. സുകുമാരൻ നായർക്കൊപ്പം നിഴലായി നിൽക്കണമെന്നാണ് മരിക്കുന്നതിനു മുൻപ് അച്ഛൻ പറഞ്ഞതെന്നും അദ്ദേഹം രാജിവെക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണെന്നും താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.
ബിജെപി കൗൺസിലർ ആർ ശ്രീലേഖയ്ക്കെതിരെയും ഗണേഷ്കുമാർ തിരിച്ചടിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആരാണ്? മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഗണേഷ്കുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam