Covid Kerala : സംസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകുമോ; ഇന്നറിയാം

By Web TeamFirst Published Jan 19, 2022, 7:05 AM IST
Highlights

കെഎസ്ആര്‍ടിസിയില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.
 

തിരുവനന്തപുരം: കൊവിഡ് (Covid 19) വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്‍ടിസിയില്‍ (KSRTC)  ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഇന്നും സര്‍വീസുകള്‍ കുറക്കാനാണ് സാധ്യത. സ്വകര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ടവരുടെ എണ്ണവും പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗതകമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11ന് ഓണ്‍ലൈനിലാണ് യോഗം.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നാളത്തെ അവലോകന യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുക. നാളെ വൈകീട്ട് അഞ്ചിന് ചേരുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.

രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കിയേക്കും. പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവന്നേക്കും.കോളജുകള്‍ അടയ്ക്കാനും സാധ്യതയുണ്ട്. അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായേക്കില്ല.
 

click me!