തിരുവിതംകൂർ ദേവസ്വത്തിലെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട സംഭവം; വിജിലൻസ് ശുപാർശ നടപ്പാക്കിയില്ല

By Web TeamFirst Published Jan 26, 2022, 5:38 AM IST
Highlights

രണ്ടു ക്ഷേത്രത്തിലെ സ്വർണ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ മറ്റ് ക്ഷേത്രങ്ങളിലും തിരുവാഭരണ ഓഡിറ്റ് നടത്തണമെന്ന വിജിലൻസ് ശുപാർശയും ഇതേവരെ നടപ്പായിട്ടില്ല. ഒരു പക്ഷെ സമഗ്ര ഓഡിറ്റ് നടന്നാൽ ഉദ്യോഗസ്ഥതലത്തിലുള്ള വലിയ ക്രമക്കേടുകളാകും പുറത്തുവരുക

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് (travancore devaswom board)കീഴിലെ ക്ഷേത്രങ്ങളിലെ(temples) സ്വർണ്ണം നഷ്ടപ്പെട്ടതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന വിജിലൻസ് (vigilance)ശുപാർശ നടപ്പാക്കാതെ ബോർഡ്. ശംഖുമുഖം ദേവീക്ഷേത്രത്തിലെ തിരുവാഭരണത്തിനൊപ്പമുള്ള പതക്കം കാണാതായതിലും ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ മുത്തുകൾ കാണാതായതിലുമാണ് ദുരൂഹത തുടരുന്നത്.

ശംഖുമുഖം ദേവീക്ഷേത്രത്തിലെ പൗരാണിക മൂല്യമുള്ള തിരുവാഭരണം കാണിനില്ലെന്ന പരാതിയിലാണ് ദേവസ്വം വിജിലൻസ് സ്ട്രോങ്റൂം തുറന്ന് പരിശോധിച്ചത്. ആഭരങ്ങള്‍ പരിശോധിച്ചുവരുമ്പോഴാണ് കാണാനില്ലെന്ന പറഞ്ഞ പതക്കം സ്ട്രോങ്റൂമിൽ നിന്നും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.പക്ഷെ ഇതിൻെറ കാലപ്പഴക്കത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. വിജിലൻസിൻെറ പരിശോധനകള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു സ്ഥലത്തു നിന്നും വർഷങ്ങളുടെ പഴക്കമുള്ള പതക്കം കണ്ടെടുത്തത്. ദേവസ്വം വിജിലൻസ് പരിശോധനക്കെത്തുമെന്നറിഞ്ഞ് ദേവസ്വം ജീവനക്കാർ കാണാതായ പതക്കത്തിന് പകരം പുതിയൊരു പതക്കമുണ്ടാക്കിവച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പൗരാണിക മൂല്യമുളള പതക്കം സ്ട്രോങ് റൂമിൽ നിന്നും മാറ്റിയതാണോ, അതോ കൃത്യമായ സംരക്ഷണമില്ലാതെ കാണാതെ പോയതാണോയെന്ന കാര്യത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തു. വീഴ്ചവരുത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ശുപാർശ ചെയ്തു. ഒന്നുമുണ്ടായില്ല. 

മറ്റൊരു തിരുവാഭരണ തട്ടിപ്പ് കണ്ടെത്തിയത് ഏറ്റുമാനൂർ ശിവക്ഷേത്രത്തിലാണ്. തിരുവാഭരണങ്ങളിൽപ്പെട്ട രുദ്രാക്ഷത്തിലെ മുത്തുകള്‍ കാണാതായെന്ന് വിജിലൻസ് കണ്ടെത്തി. 81 മുത്തുകളുള്ള മാലയിൽ 72 മുത്തകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുത്തുകള്‍ മോഷ്ടിച്ചതാണോ, അതോ പഴയതിന് പകരം പുതിയ മാല ഉദ്യോഗസ്ഥർ ഉണ്ടാക്കിവച്ചതാണോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണവും ആഭരണത്തിൻെറ ചുതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നപടിയും ശുപാർശ ചെയ്തു. 

ഏറ്റുമാനൂർ പൊലീസ് അന്വേഷണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരെ കുറ്റക്കാരെ കണ്ടെത്തിയില്ല. വീഴ്ചയുണ്ടാക്കിയവർക്കെതിരെ നടപടിയുമില്ല. രണ്ടു ക്ഷേത്രത്തിലെ സ്വർണ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ മറ്റ് ക്ഷേത്രങ്ങളിലും തിരുവാഭരണ ഓഡിറ്റ് നടത്തണമെന്ന വിജിലൻസ് ശുപാർശയും ഇതേവരെ നടപ്പായിട്ടില്ല. ഒരു പക്ഷെ സമഗ്ര ഓഡിറ്റ് നടന്നാൽ ഉദ്യോഗസ്ഥതലത്തിലുള്ള വലിയ ക്രമക്കേടുകളാകും പുറത്തുവരുക.

click me!