കടുത്ത പ്രതിസന്ധി; ഓണം അലവന്‍സും ശമ്പളവും മുടങ്ങിയേക്കും, സര്‍ക്കാര്‍ സഹായം തേടി തിരുവിതാംകൂര്‍ ദേവസ്വം

By Web TeamFirst Published Aug 13, 2021, 8:10 AM IST
Highlights

ഫെസ്റ്റിവല്‍ അലവന്‍സായി 2500 രൂപയും ബോണസായി 4000 രൂപയും അഡ്വാന്‍സായി 15000 രൂപയുമാണ് ജീവനക്കാര്‍ക്ക് കഴിഞ്ഞ പ്രാവശ്യം അനുവദിച്ചത്. പക്ഷേ ഇക്കുറി ഇതുണ്ടാകില്ലെന്നാണ് സൂചന. അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കേണ്ടി വരും. 

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ജീവനക്കാരുടെ ഓണം ഉല്‍സവബത്തയും ശമ്പള അഡ്വാന്‍സും മുടങ്ങുന്ന സ്ഥിതിയിലാണ് ബോര്‍ഡ്. വെറും അഞ്ചു കോടി രൂപ മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പക്കല്‍ ബാക്കിയുളളത്.

ഓണത്തിന് ഒരാഴ്ച്ചമുന്‍പ്  ജീവനക്കാര്‍ക്ക് ഉല്‍സവബത്തയും ബോണസും നല്‍കുന്നതാണ് ദേവസ്വം ബോര്‍ഡിലെ പതിവ്. സര്‍ക്കാര്‍ സര്‍വ്വീസിന് തുല്ല്യമായ സേവന വേതന വ്യവസ്ഥകളാണ് ദേവസ്വം ബോര്‍ഡും നല്‍കുന്നത്. ഫെസ്റ്റിവല്‍ അലവന്‍സായി 2500 രൂപയും ബോണസായി 4000 രൂപയും അഡ്വാന്‍സായി 15000 രൂപയുമാണ് ജീവനക്കാര്‍ക്ക് കഴിഞ്ഞ പ്രാവശ്യം അനുവദിച്ചത്. പക്ഷേ ഇക്കുറി ഇതുണ്ടാകില്ലെന്നാണ് സൂചന. അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കേണ്ടി വരും. ഇപ്പോള്‍ കയ്യിലുള്ള അഞ്ചുകോടി രൂപ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും തികയില്ല.

ഓണ ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ 25 കോടിയിലധികം രൂപ വേണ്ടിവരും.  ഈ തുക സര്‍ക്കാര്‍ നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമ്പലങ്ങളില്‍ നിന്നും കാര്യമായ വഴിപാട് വരുമാനം ലഭിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം. ഇത് ചൂണ്ടിക്കാട്ടി വീണ്ടും സര്‍ക്കാരിനെ സമിപിക്കാനാണ്  ദേവസ്വം ബോര്‍ഡ് അധികൃതരുടെ  തീരുമാനം.

ബോര്‍ഡിന്‍റെ കൈവശമുള്ള സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് നയം അനുസരിച്ച് പണയം വെയ്ക്കാന്‍ കോടതിയുടെ അനുമതി നേടാന്‍ നടപടി തുടങ്ങി. അഞ്ഞൂറ് കിലോ സ്വര്‍ണ്ണമാകും പണയം വയ്ക്കുക. ശബരിമല തീര്‍ത്ഥാടനം മുടക്കമില്ലാതെ തുടരാന്‍ തത്വത്തില്‍ തീരുമാനമായി. എന്നാല്‍ എത്രപേരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ശബരിമലയില്‍ നിന്നും കിട്ടുന്ന നടവരവാണ് ദേവസ്വം ബോര്‍ഡിന്‍റെ മുഖ്യ വരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!