
തിരുവനന്തപുരം: കളക്ടറുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായ സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായത് ഗുരുതര വീഴ്ച. ക്യാഷ് കൗണ്ടറിൽ നിന്നും 60,000 രൂപ ബിജുലാല്‍ മോഷ്ടിച്ചുവെന്ന് വ്യക്തമായിട്ടും തുടർനടപടികള്‍ വേണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. കേസുമായി മുന്നോട്ടുപോകേണ്ടെന്ന് ആവശ്യപ്പെട്ട് സബ് ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജീവനക്കാരുടെ ഗ്രൂപ്പിലിട്ട സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഏപ്രിൽ എട്ടിനാണ് വഞ്ചിയൂർ സബ്ട്രഷറി ഓഫീസിലെ ക്യാഷ് കൗണ്ടറിൽ നിന്നും 60,000 രൂപ മോഷണം പോയത്. ക്യാഷറുടെ വീഴ്ചയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. 60000 രൂപ ക്യാഷറിൽ നിന്നും ഇടാക്കിയതോടെ ക്യാഷ് കൗണ്ടര്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ സൂപ്രണ്ടിന് പരാതി നൽകി. താൻ നിരപരാധിയാണെന്നും അന്വേഷണം വേണമെന്നുമായിരുന്നു പരാതി. പരാതി പൊലീസിലേക്ക് കൈമാറുമെന്ന വിവരം ട്രഷറി സൂപ്രണ്ട് ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലിട്ടു. ഇതിനു പിന്നാലെ സൂപ്രണ്ടിന് ഒരു വാട്സ്ആപ്പ് സന്ദേശമെത്തി. പണം തിരികെ നൽകുമെന്നായിരുന്ന സന്ദേശം. വികാസ് ഭവൻ ട്രഷറിയിൽ നിന്നും ക്യാഷറുടെ അക്കൗണ്ടിലേക്ക് 60,000 രൂപയുമെത്തി.
ഓഫീസിൽ നടന്ന അന്വേഷണം ചെന്നെത്തിയത് ബിജുലാല്‍ ആയിരുന്നു. പണം ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണവുമായി മുന്നോട്ടു പോകേണ്ടെന്നും അങ്ങിനെ പോയാല്‍ ഉദ്യോഗസ്ഥന്‍റെകുടുംബത്തെയും ഓഫീസിനെയും ബാധിക്കുമെന്നും ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അന്വേഷണം ഒതുക്കി തീര്‍ത്തു.
അന്നത്തെ പരാതിയില്‍ പൊലീസ് അന്വേഷണം ഉണ്ടായിരുന്നെങ്കില്‍ ട്രഷറിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും വിധം തട്ടിപ്പു നടത്താനുളള സാഹചര്യം ഉണ്ടാകില്ലായിരുന്നെന്നാണ് അന്വേഷണം സംഘത്തിന്‍റെ നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ട്രഷറി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അതേസമയം മോഷ്ടിച്ച പണം ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയാണ് ബിജുലാല്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു കോടി 73 ലക്ഷം രൂപയാണ് ബിജുലാല്‍ മോഷ്ടിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam