
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്ന് രണ്ടേ മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറാകാതെ സര്‍ക്കാര്‍. അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് പ്രത്യേക പൊലീസ് സംഘം ശുപാര്‍ശ നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാപ്പാറ നയത്തിലാണ്. ധനകാര്യ വകുപ്പിലെ ഉന്നതരെ സംരക്ഷിക്കാനാണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശയ്ക്കു മേലുളള സര്‍ക്കാരിന്‍റെ ഈ അടയിരുപ്പ് എന്ന ആരോപണമാണ് ശക്തമാകുന്നത്.
സംസ്ഥാന ഖജനാവിന്‍റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത സംഭവമാണ് വഞ്ചിയൂര്‍ ട്രഷറിയിലെ ജീവനക്കാരന്‍ ബിജുലാൽ നടത്തിയ തട്ടിപ്പ്. രണ്ട് കോടി എഴുപത്തിനാലു ലക്ഷം രൂപയാണ് ട്രഷറി സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി ബിജുലാൽ തട്ടിയെടുത്തത്.ബിജുവിന്‍റെ ഭാര്യയെ കേസിലെ രണ്ടാം പ്രതിയാക്കിയെങ്കിലും അറസ്റ്റ് ഉണ്ടായില്ല.
അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ സോഫ്റ്റ്‍വെയര്‍ പിഴവുകള്‍ കണ്ടെത്തുന്നതില്‍ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് നഷ്ടം വരുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് പൊലീസ് ശുപാര്‍ശ നല്‍കിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഇക്കാര്യമുന്നയിച്ച് ഡിജിപിക്ക് കത്തയച്ചു. ഡിജിപി കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
എന്നാല്‍ മാസമൊന്നു കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് തുടര്‍ നടപടിയെടുത്തിട്ടില്ല. സോഫ്റ്റ്‍വെയറിലെ പിഴവാണ് തട്ടിപ്പിന് ഇടയാക്കിയത് എന്ന് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്‍വെയര്‍ നിര്‍മ്മാണ കരാറിനെ കുറിച്ചടക്കം വിജിലന്‍സ് അന്വേഷണം വേണ്ടി വരും. ഇത് ധനകാര്യ വകുപ്പിലെ ഉന്നതരിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സോഫ്റ്റ് വെയറുകളെ കുറിച്ചും അന്വേഷണം നടത്തേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഈ രണ്ടു സാധ്യതകളും കണക്കിലെടുത്താണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശയിന്മേലുളള ആഭ്യന്തരവകുപ്പിന്‍റെ മെല്ലപ്പോക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam