അനധികൃത മരം മുറി; ക‍ർഷകർക്കെതിരെ കേസെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

By Web TeamFirst Published Jul 14, 2021, 1:19 PM IST
Highlights

മരംമുറിച്ച കർഷകർക്കെതിരെ കേസെടുത്താൽ നിയമപ്രശ്നങ്ങളിൽ പെട്ടേക്കാമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഞ്ചർമാർ കേസെടുക്കൽ വൈകിപ്പിച്ചത്. പിന്നാലെ കേസെടുക്കണമെന്ന് വ്യക്തമാക്കി ഡിഎഫ്ഒ വീണ്ടും ഉത്തരവിറക്കി.

തൊടുപുഴ: അനധികൃത മരം മുറിയിൽ ക‍ർഷകർക്കെതിരെ കേസെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. കേസ് എടുക്കാത്തതിന് രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അന്ത്യശാസന. അതേസമയം മരംമുറിച്ച ഇടനിലക്കാരെ ഒഴിവാക്കി കർഷകരെ ബലിയാടാക്കാനുള്ള നടപടിക്കെതിരെ വിവിധ തലങ്ങളിൽ നിന്ന് വിമർശനം ഉയന്നുണ്ട്.

2020 ഒക്ടോബർ 24ലെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മരം മുറിച്ച എല്ലാവർക്കും എതിരെ കേസെടുക്കാൻ മൂന്നാർ ഡിഎഫ്ഒ ഉത്തരവിട്ടിരുന്നു. നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചർമാർക്കായിരുന്നു നിർദ്ദേശം. പിന്നാലെ റെയ്ഞ്ചർമാർ വിവര ശേഖരണം നടത്തിയെങ്കിലും കേസെടുത്തില്ല. ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്നും തടസം നിൽക്കുന്നവ‍ർക്ക് എതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു ഒക്ടോബറിലെ ഉത്തരവ്. 

ഇതിന്‍റെ അടിസ്ഥാനത്തിൽ മരംമുറിച്ച കർഷകർക്കെതിരെ കേസെടുത്താൽ നിയമപ്രശ്നങ്ങളിൽ പെട്ടേക്കാമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഞ്ചർമാർ കേസെടുക്കൽ വൈകിപ്പിച്ചത്. പിന്നാലെ കേസെടുക്കണമെന്ന് വ്യക്തമാക്കി ഡിഎഫ്ഒ വീണ്ടും ഉത്തരവിറക്കി. ഇതോടെ കേസടുക്കാൻ നിർദ്ദേശം നൽകി റെയ്ഞ്ചർമാർ പന്ത് ഡെപ്യൂട്ടി റെയ്ഞ്ചർമാർക്ക് തട്ടി. നിയമപ്രശ്നം മനസ്സിലാക്കി അവരും മടിച്ചതോടെയാണ് കേസെടുക്കാത്തിന് രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്ന് കാണിച്ച് റെയ്ഞ്ച് ഓഫീസർമാർ അന്ത്യശാസനം നൽകിയത്.

ഇടുക്കിയിൽ തടിവെട്ട് നടന്ന് മാസങ്ങളായിട്ടും മരം മുറിച്ച് കൊണ്ടുപോയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥരായ പാവപ്പെട്ട കർഷകർക്കെതിരെ കേസെടുത്ത് മരംകൊള്ളയ്ക്ക് പിന്നിലുള്ള വമ്പൻമാരെ രക്ഷപ്പെടുത്താനാണ് വനംവകുപ്പിന്‍റെ പുതിയ നീക്കങ്ങളെന്നാണ് ആക്ഷേപം.

click me!