മുട്ടിൽ മരംമുറി കേസ്; അന്വഷണ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഇ‍ഡി ക്രൈംബ്രാഞ്ചിന് കത്ത് നൽകി

By Web TeamFirst Published Aug 29, 2021, 5:28 PM IST
Highlights

അഗസ്റ്റിൻ സഹോദരങ്ങൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അടക്കം വേണെമെന്നാണ് ഇഡി ആവശ്യം. അഗസ്റ്റിൻ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 40  പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി അന്വേഷണം.

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അന്വഷണ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ക്രൈംബ്രാഞ്ചിന് കത്ത് നൽകി. കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് നാളെ രേഖപ്പെടുത്തും. അഗസ്റ്റിൻ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 40  പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി അന്വേഷണം.

വയനാട് മേപ്പാടിയിൽ നിന്ന് സർക്കാർ ഉത്തരവ് മറയാക്കി വ്യാപകമായി ഈട്ടിത്തടി അടക്കം കടത്തിയ കേസിൽ 16 കോടി രൂപയുടെ കൊള്ളനടന്നെന്നായിരുന്നു വനംവകുപ്പിന്‍റെ ആദ്യ കണ്ടെത്തിൽ. എന്നാൽ യാഥാർത്ഥ മരംകൊള്ള ഇതിന്‍റെ എത്രയോ ഇരട്ടിയാണെന്നാണ് എൻഫോഴ്സമെന്‍റ് വ്യക്തമാക്കുന്നത്. മരം കൊള്ളയിൽ നടന്ന കള്ളപ്പണത്തെക്കുറിച്ചാണ് ഇഡി അന്വഷിക്കുന്നത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ആദ്യം ഉണ്ടായിരുന്നത് അഗസ്റ്റിൻ സഹോദരങ്ങളും, റവന്യു ഉദ്യോഗസ്ഥരും അടക്കം 68 പേരായിരുന്നു. ഇതിൽ കർഷകരെയും ആദിവാസികളെയും അടക്കം 20 പേരെ ഒഴിവാക്കിയാണ്  ഇഡി അന്വേഷണം. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈാംബ്രാഞ്ചിനോട് അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയിട്ടുണ്ട്. അഗസ്റ്റിൻ സഹോദരങ്ങൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അടക്കം വേണെമെന്നാണ് ഇഡി ആവശ്യം.  

മരംകൊള്ള കേസ് ആദ്യം അന്വേഷിച്ച് വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത് കുമാറിനോട് രേഖകൾ സഹിതം നാളെ ഹാജരാകാനും ഇ‍ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം കള്ളപ്പണ ഇടപാടിൽ പങ്കാളികളായി എന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ, ഭൂമി റജിസ്ട്രേഷൻ അടക്കം ഈ അന്വേഷണ പരിധിയിൽ വരും. കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യ ഹർജി ഹൈക്കോടതിയിയുടെ പരിഗണനയിലാണ്. ഈ കേസിൽ കോടതിയുടെ തീർപ്പ് വരുന്നതോടെ പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും ഇഡി നീക്കം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!