Latest Videos

ആദിവാസി ഫണ്ട് തട്ടിപ്പ്; അപ്‍സര ഇൻസ്റ്റിറ്റ്യൂട്ടിന് എതിരെ നടപടി, 70 ലക്ഷം തിരികെ പിടിക്കും

By Web TeamFirst Published Nov 14, 2021, 9:05 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പരാതിക്കാരായ ആദിവാസി വനിതകളേയും ആരോപണ വിധേയരായ അസ്പര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ വിഷ്ണു പ്രിയയേയും പട്ടികവര്‍ഗ ഡയറക്ടറേറ്റില്‍ വിളിച്ചുവരുത്തി. വിഷ്ണുപ്രിയയുടെ വിശദമായ മൊഴി ഫിനാന്‍സ് ഓഫിസര്‍ രേഖപ്പെടുത്തി. 

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തയ്യല്‍ പരിശീലനത്തിന്‍റെ പേരില്‍ ആദിവാസി ഫണ്ട് (tribal fund) തട്ടിയെടുത്ത അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ നടപടി. തയ്യല്‍ പരിശീലനത്തിന് സര്‍ക്കാര്‍ ഇവര്‍ക്ക് അനുവദിച്ച ഫണ്ട് തിരിച്ചുപിടിക്കും. അപ്സരയ്‍ക്ക് എതിരെ വിശദമായ അന്വേഷണത്തിനും പട്ടികവര്‍ഗ ഡയറക്ടര്‍ ഉത്തരവിട്ടു. ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടിയാണ് അപ്‍സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പരാതിക്കാരായ ആദിവാസി വനിതകളേയും ആരോപണ വിധേയരായ അസ്പര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ വിഷ്ണു പ്രിയയേയും പട്ടികവര്‍ഗ ഡയറക്ടറേറ്റില്‍ വിളിച്ചുവരുത്തി. വിഷ്ണുപ്രിയയുടെ വിശദമായ മൊഴി ഫിനാന്‍സ് ഓഫിസര്‍ രേഖപ്പെടുത്തി. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയില്‍ അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 50 വനിതകള്‍ക്ക് പഠിക്കാൻ 14 തയ്യല്‍ മെഷീനാണുണ്ടായിരുന്നത്. അതില്‍ പലതും  ഉപയോഗശൂന്യമായിരുന്നു. 

അധ്യാപകരുടെ പേരിലും ലക്ഷങ്ങള്‍ തട്ടിയതായും ബോധ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വിതുര മലയടിയിലും പാലക്കാട് മുതലമടയിലേയും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളില്‍ നേരിട്ടുപോയി ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തും. മാത്രമല്ല മലയടിയിലെ പരിശീലനത്തിന് അപ്സര സര്‍ക്കാരില്‍ നിന്ന് ഇതുവരെ കൈപ്പറ്റിയ 70 ലക്ഷം രൂപ തിരികെ പിടിക്കും. ബാക്കി നല്‍കാനുള്ള 30 ലക്ഷം ഇനി നല്‍കില്ല.

മറ്റൊരു ഏജൻസിയെ വച്ച് ആദിവാസി വനിതകള്‍ക്ക് ബാക്കിയുള്ള പരിശീലനം നടത്താൻ സാധിക്കുമോ എന്ന് പരിശോധിക്കും. അല്ലെങ്കില്‍ കരാര്‍ റദ്ദാക്കി പുതിയ പ്രോജക്ടിന് അപേക്ഷ ക്ഷണിക്കും. കരിമ്പട്ടികയില്‍പ്പെട്ട അപ്സര ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളായെന്നും നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ക്കടക്കം ഇവര്‍ കൈക്കൂലി നല്‍കി എന്നതടക്കമുള്ള ആരോപണങ്ങളും പട്ടികവര്‍ഗ ഡയറക്ടര്‍ വിശദമായി അന്വേഷിക്കും. പിന്നോക്ക വിഭാഗങ്ങളെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന അപ്സര ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള മാഫിയാ സംഘങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തിയേ മതിയാകു.


 

click me!