
പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി. തെളിവ് നശിപ്പിക്കാൻ സാധ്യതയുളളതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സജിനി പറഞ്ഞു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ് സി എസ് ടി കമ്മീഷൻ ജില്ലാ കളക്ടറോടും എസ്പിയോടും ആവശ്യപ്പെട്ടു.
എ ആർ ക്യാമ്പിലെ കുമാറിന്‍റെ മരണത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങളുന്നയിക്കുന്നത്. പ്രതികൾ പൊലീസുകാരായതിനാൽ ജുഡീഷ്യൽ അന്വേഷണം വേണം. കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ കുമാറിന്‍റെ കൈപ്പട തന്നെയാണെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തന്നോട് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് മൂന്നുപേജുളള ആത്മഹത്യാക്കുറിപ്പിലുളളതെന്ന് സജിനിയും പറയുന്നു.
അതിനിടെ സംഭവത്തിൽ അന്വേഷിച്ച് 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ് സി എസ് ടി കമ്മീഷൻ പാലക്കാട് ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും നിർദ്ദേശിച്ചിട്ടുണ്ട്. ജാതി വിവേചനമെന്ന പരാതിയുളളതിനാൽ കമ്മീഷൻ ഉടൻ തന്നെ ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തും. കുമാറിന്‍റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തിൽ അതുകൂടി ഉൾക്കൊളളിച്ചാവും അന്വേഷണമെന്ന് തൃശ്ശൂർ റേഞ്ച് ഡിഐജി പറഞ്ഞു.
25 ന് രാത്രിയാണ് സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. കുമാറിന്‍റെ വീട്ടുകാരുടെ പരാതിയിന്മേൽ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണവും പുരോഗമിക്കുകയാണ്. ക്യാമ്പിലെ മൊഴിയെടുപ്പും പരിശോധനയും ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് റേഞ്ച് ഡിഐജിയുടെ നിർദ്ദേശം. അസ്വാഭാവിക മരണത്തെക്കുറിച്ച് ഒറ്റപ്പാലം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam