ആദിവാസി വിദ്യാർത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനം അട്ടിമറിച്ചെന്ന് ആരോപണം

By Web TeamFirst Published Jul 20, 2019, 6:54 AM IST
Highlights

പ്രത്യേക സ്പോട് അഡ്മിഷനും പൂർത്തിയായി. 432 വിദ്യാർത്ഥികള്‍ സ്പോട് അഡ്മിഷനില്‍ പ്രവേശനം നേടി. അഞ്ഞൂറിലധികം പേർ തഴയപ്പെട്ടെന്ന് പരാതി.ആദിവാസി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം അട്ടിമറിച്ചെന്ന് ആരോപണം. പട്ടികവർഗ വിദ്യാർത്ഥികള്‍ക്കായി നടത്തിയ സ്പോട്ട് അഡ്മിഷനുശേഷവും യോഗ്യത നേടിയ അഞ്ഞൂറിലധികം പേർക്ക് ഹയർസെക്കണ്ടറി പ്രവേശനം ലഭിച്ചിട്ടില്ലെന്നാണ് വിവിധ ആദിവാസി സംഘടനകൾ പരാതിപ്പെടുന്നത്.

ആദ്യ മൂന്ന് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ക്ക് ശേഷം ഇത്തവണ പത്താംതരം പാസായ 632 പേരും, നേരത്തെ പഠനം മുടങ്ങിയവരുമുള്‍പ്പടെ ആയിരത്തിലധികം ആദിവാസി വിദ്യാർത്ഥികള്‍ സ്പോട് അഡ്മിഷനില്‍ ഹയർസെക്കണ്ടറി പ്രവേശനത്തിന് ശ്രമിച്ചിരുന്നെന്നാണ് ആദിവാസി സംഘടനകളുടെ വാദം. കഴിഞ്ഞദിവസം ജില്ലയിലെ മൂന്ന് താലൂക്കുകളിലായി പട്ടികവർഗ വിദ്യാർത്ഥികള്‍ക്കായി പ്രത്യേകം നടത്തിയ സ്പോട് അഡ്മിഷനിലൂടെ 432 പേർ പ്രവേശനം നേടിയെന്നാണ് ഔദ്യോഗിക കണക്ക്. അതായത് അഡ്മിഷന്‍ കാത്ത പകുതിയിലധികം കുട്ടികള്‍ക്കും ഇപ്പോഴും സീറ്റ് ലഭിച്ചിട്ടില്ല.

ആദിവാസി വിദ്യാർത്ഥികള്‍ കൂടുതലായി താല്‍പര്യം കാണിക്കുന്ന ഹ്യുമാനിറ്റീസ് സീറ്റുകള്‍ വേണ്ടത്രയില്ലായിരുന്നുവെന്നും ആരോപണമുണ്ട്. പലപ്പോഴും സയന്‍സ് ബാച്ച് തെരഞ്ഞെടുക്കാന്‍ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്നാണ് പരാതി. ഇതെല്ലാം ചൂണ്ടിക്കാട്ടി ആദിവാസി സംഘടനകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

click me!