
തിരുവനന്തപുരം: നിയമസഭാ റിപ്പോർട്ടിംഗിന് വരുന്ന മാധ്യമപ്രവർത്തകർക്ക് കെ എം ബി എന്ന കെ എം ബഷീറിനെ മറക്കാനാകുമായിരുന്നില്ല. സൗമ്യസാന്നിധ്യമാണ് കെ എം ബഷീർ. ചിരി മാത്രമുള്ള മുഖം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ പോലെ പെരുമാറിയിരുന്നയാൾ. പ്രസ് ക്ലബ്ബിലെയും മാധ്യമക്കൂട്ടായ്മകളിലെയും സ്ഥിരം സാന്നിധ്യം.
കെ എം ബഷീറിന് ആദരാഞ്ജലികളുമായി മാധ്യമപ്രവർത്തക സമൂഹം പ്രസ് ക്ലബ്ബിലേക്ക് ഒഴുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അനുശോചനമർപ്പിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീര്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2004-ൽ തിരൂരിൽ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം തുടങ്ങിയ കെ എം ബഷീർ പിന്നീട് സിറാജിന്‍റെ മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി. 2006-ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. പിന്നീട് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് ചീഫായി നിയമിതനാവുകയായിരുന്നു.
ചിത്രത്തിന് കടപ്പാട്: സിറാജ് ദിനപത്രം
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കഴിഞ്ഞയാഴ്ച കേരളാ മീഡിയാ അക്കാദമി കെ എം ബഷീറിനെ ആദരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് പ്രസ് ക്ലബിലെത്തിച്ച മൃതദേഹം പിന്നീട് പൊതുദർശനത്തിന് ശേഷം അർദ്ധരാത്രിയോടെ സ്വദേശമായ വാണിയന്നൂരിലെത്തിക്കും.
പ്രമുഖ സൂഫി വര്യനായിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനാണ് കെ എം ബഷീർ. തിരൂരിനടുത്ത് വാണിയന്നൂരാണ് സ്വദേശം. ചെറിയ കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.
കൊല്ലത്ത് സിറാജ് പത്രത്തിന്‍റെ പ്രൊമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ മടങ്ങുകയായിരുന്നു കെ എം ബഷീർ. അപ്പോഴാണ് അർദ്ധരാത്രി 12.55 ഓടെ ബഷീറിന്‍റെ ബൈക്കിന് പിന്നിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ ശ്രീറാം വെങ്കിട്ട രാമൻ ഓടിച്ച കാർ വന്നിടിയ്ക്കുന്നത്. ബൈക്കിൽ നിന്ന് ഏതാണ്ട് അമ്പത് മീറ്റർ അകലേയ്ക്ക് ബഷീർ തെറിച്ചു വീണു. കാർ മതിലിലിടിച്ച് നിന്നപ്പോൾ ബൈക്ക് അതിനോട് ചേർന്ന് ചതഞ്ഞുപോയ നിലയിലായിരുന്നു. തൽക്ഷണം ബഷീർ കൊല്ലപ്പെട്ടു.
ആദ്യം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നതിലും കാറോടിച്ചത് ആരെന്ന കാര്യത്തിലും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയെ ഊബർ ടാക്സി വിളിച്ച് പൊലീസുകാർ വീട്ടിലേക്ക് പറഞ്ഞയച്ചു. കാൽ നിലത്തുറയ്ക്കാത്ത നിലയിൽ ആടിയാണ് ശ്രീറാം നിന്നിരുന്നതെന്നും നന്നായി മദ്യപിച്ചിരുന്നുവെന്നും സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ തന്നെ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam