ഫോണിലൂടെ തലാഖ് ചൊല്ലി; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

By Web TeamFirst Published Mar 13, 2020, 11:45 PM IST
Highlights

യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാർഹിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭർത്താവിനെതിരെ യുവതിയുടെ നിയമ പോരാട്ടം. പെരുവട്ടൂർ സ്വദേശി ഫഹ്മിദയാണ് ഭര്‍ത്താവ് സെയ്ദ് ഹാഷിമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

രണ്ടര വർഷം മുമ്പാണ് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ ഫഹ്മിദ വടകര ഓർക്കാട്ടേരി സ്വദേശിയായ സെയ്ദ് ഹാഷിം ഫവാസ് കോയ തങ്ങളെ വിവാഹം ചെയ്തത്. ഇരുവരുടേതും രണ്ടാം വിവാഹം ആയിരുന്നു. ഒരു വർഷത്തിന് ശേഷം ഭർത്താവ് വിദേശത്തേക്ക് പോയതോടെ ഭർതൃ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി ഫഹ്മിദ പറയുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ മാതാവും ഉപദ്രവിച്ചു.

ഇതെല്ലാം ഭർത്താവിനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. ഫഹ്മിദയോട് വീട്ടിൽ തുടരാനായിരുന്നു നിര്‍ദ്ദേശം. ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ ജനുവരി അവസാനം ഫോണിൽ വിളിച്ച് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തി. ഫഹ്മിദയുടെ പരാതിയിൽ മൂവർക്കും എതിരെ ഗാർഹിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം തുടങ്ങി.

click me!