തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 9, 2019, 5:12 PM IST
Highlights

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കാനിരിക്കെയാണ് സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ല. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കാനിരിക്കെയാണ് സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.   

തിരുവനന്തപുരമടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്‍റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അന്പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്തായതിനാല്‍ മന്ത്രിസഭയുടെ അംഗീകാരം നേടിയിരുന്നില്ല. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് അംഗീകാരം നേടാനുള്ള നീക്കം സജീവമായത്. 

സംസ്ഥാനത്തിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനിക്കാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്ക് തിരുവനന്തപുര വിമാനത്താവള കൈമാറ്റം മാറുകയാണ്. 

അതിനിടെ അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോലയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.  

ഈദ് അവധിക്ക് പ്രവാസിമലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ വലിയ നിരക്ക് നല്‍കേണ്ടിവന്നതായി മുഖ്യമന്ത്രി വ്യോമയാന സെക്രട്ടറിയെ അറിയിച്ചു. നിരക്ക് പരിധിവിട്ടുയര്‍ന്നോ എന്ന് കേന്ദ്രം നിരീക്ഷിക്കും. അടുത്തമാസം വ്യോമയാന കന്പനികളുടെ യോഗം വിളിക്കും.

വിമാന യാത്രാനിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശ കാര്യ സഹമന്ത്രിയായി ചുമതലയേറ്റയുടന്‍ വി.മുരളീധരന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയും കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടത്. 

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെ വികസന ചര്‍ച്ചയ്ക്ക് പാര്‍ലമെന്‍റ് സമ്മേളനശേഷം വ്യോമയാന സെക്രട്ടറി കേരളത്തിലെത്തും. കണ്ണൂര്‍ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍  എയര്‍ ഇന്ത്യ സര്‍വ്വീസും ബജറ്റ് സര്‍വ്വീസും അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
 

click me!