
തിരുവനന്തപുരം: തിരുവനന്തപുരത്തെ അലൻ കൊലക്കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്. അലൻ കൊലപാതകത്തിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇപ്പോൾ പൊലീസിന് കിട്ടിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അജിന്റെ സുഹൃത്ത് ശരതിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കത്തിയെക്കുറിച്ചുള്ള വിവരം തുറന്നു പറഞ്ഞിരുന്നില്ല. പ്രതികളായ അജിൻ, നന്ദു, കിരൺ എന്നിവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് കത്തി എവിടെയെന്ന വിവരം ഇവർ പറഞ്ഞിരിക്കുന്നത്. ആയുധം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. അന്ന് തന്നെ കത്തി ശരതിനെ ഏൽപിച്ചുവെന്നാണ് അജിൻ മൊഴി നൽകിയിരിക്കുന്നത്. ശരതും ഒളിവിൽ പോയിരുന്നു. ഇയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഫുട്ബോൾ മത്സരത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് അലനെ കുത്തിക്കൊലപ്പെടുത്തിയത്.