തിരുവനന്തപുരത്ത് നാല് നഗരസഭാ കൗൺസിലർമാർക്കും രണ്ട് പൊലീസുകാർക്കും കൊവിഡ്, ആശങ്ക

By Web TeamFirst Published Jul 22, 2020, 4:54 PM IST
Highlights

വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ രോഗഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കൊവിഡ് ആശങ്ക ഉയരുന്നു. നഗരസഭയിലെ നാല് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. റാന്റം പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. തിരുവനന്തപുരം നഗരവുമായി കൂടുതൽ ബന്ധപ്പെട്ടിട്ടുള്ള ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ശ്രമം തുടങ്ങി. അതേ സമയം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത ഉണ്ടെന്ന്  ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വലിയതുറ സെന്ററിൽ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷ എഴുതിയ 17കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് പോസ്റ്റീവായത്. കുട്ടി രോഗലക്ഷണങ്ങൾ  പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ കീം പരീക്ഷ എഴുതിയ 4 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ മുഴുവൻ കുട്ടികളെ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

click me!