
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മുൻ ഡിജിപി ആര്‍ ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയം ഉറപ്പിക്കുന്ന തരത്തൽ പ്രചാരണം നടത്തും. ജനക്ഷേമത്തിന് ഊന്നൽ നൽകിയായിരിക്കും പ്രവര്‍ത്തിക്കുക.ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്നയാള്‍ താൻ. പാര്‍ട്ടിയുടെ ഉപാധ്യക്ഷ സ്ഥാനം വഹിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മത്സരിക്കാൻ പറയുന്നത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിൽ സമ്മതം അറിയിക്കുകയായിരുന്നു. ശാസ്തമംഗലത്തിന് അടുത്താണ് തന്‍റെ വീട്. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്നതിനാൽ തന്നെ ഈ നഗരത്തെ നന്നായി അറിയാമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവര്‍ ബിജെപിയുടെ മുന്നേറ്റത്തിന് മത്സര രംഗത്ത് ഇറങ്ങുകയാണെന്ന് വിവി രാജേഷ് പറഞ്ഞു. സിപിഎം ഭരണത്തിൽ ജനം മനംമടുത്തു അഞ്ചുവര്‍ഷം കൊണ്ട് തിരുവനന്തപുരത്തിന്‍റെ മുഖച്ഛായ മാറ്റുമെന്നാണ് ബിജെപിയുടെ ഉറപ്പമെന്നും വിവി രാജേഷ് പറഞ്ഞു.
ബിജെപി കോര്‍പ്പറേഷനിൽ അധികാരത്തിൽ വരുമെന്നും പാളയം വാര്‍ഡിലാണ് താൻ മത്സരിക്കുന്നതെന്നും വിജയം ഉറപ്പാണെന്നും പദ്മിനി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷയായിരുന്നു പദ്മിനി തോമസ്. കുടിവെള്ളം, റോഡ്, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പല പ്രശ്നങ്ങളും വാര്‍ഡിൽ നിലനിൽക്കുന്നുണ്ട്. കായിക മേഖലയിൽ താത്പര്യമുള്ള ഒരുപാട് കുട്ടികള്‍ വാര്‍ഡിലുണ്ട്. അതിനാവശ്യമായ പിന്തുണയടക്കം നൽകും. വികസിത കേരളം ബിജെപി അധികാരത്തിൽ വന്നാലെ അതിന് സാധിക്കുകയുള്ളുവെന്നും ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറച്ചു പ്രതീക്ഷിക്കുകയാണെന്നും പദ്മിനി തോമസ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷൻ പിടിക്കാൻ പ്രമുഖരെ കളത്തിലിറക്കിയാണ് ബിജെപി മത്സര രംഗത്തേക്കിറങ്ങുന്നത്. മുന്‍ ഡിജപി ആര്‍ ശ്രീലേഖ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ശാസ്ത മംഗലത്താണ് കന്നി തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. മുന്‍ സ്പോടര്‍ട്സ് കൗണ്‍സിൽ പ്രസിഡന്‍റും കായിക താരവുമായ പദ്മിനി തോമസ് ഇടതു സീറ്റായി പാളയത്ത് മത്സരിക്കുന്നത് . കോണ്‍ഗ്രസ് വിട്ടെത്തിയവരും മുന്‍ കൗണ്‍സിലര്‍മാരുമായ കെ മഹേശ്വരൻ നായരെയും തമ്പാനൂര്‍ സതീഷിനെയും സ്ഥാനാര്‍ഥികളാക്കി. മുന്‍ ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് , മുതിര്‍ന്ന നേതാവ് പി അശോക് കുമാര്‍, എം ആര്‍ ഗോപൻ , കരമന അജിത് തുടങ്ങി 22 സിറ്റിങ് കൗണ്‍സിലര്‍മാര്‍ക്ക് വീണ്ടും സീറ്റ് നൽകി.
അത്മഹത്യ ചെയ്ത തിരുമല അനിൽ കൗണ്‍സിലറായിരുന്ന തിരുമലയിൽ സിറ്റിങ് കൗ ണ്‍സിലര്‍ പി.എസ് ദേവിമയാണ് സ്ഥാനാര്‍ഥി. ബിജെപിയുടെ പ്രചാരണം നേരിട്ട് നിയന്ത്രിക്കുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരസഭയിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് മുന്‍ എംഎൽഎയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരിക്കുമ്പോഴാണ് കോണ്‍ഗ്രസ് വിട്ടെത്തിയവരെയും പ്രമുഖരെയും ബിജെപി ഇറക്കുന്നത്. അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎയിലെ ഭിന്നതയും മറനീക്കി. ആവശ്യപ്പെട്ട് സീറ്റുകള്‍ നൽകാത്തതിൽ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മത്സരിക്കാണ് ബിഡിജെഎസ് തീരുമാനം. അവസാനഘട്ട പട്ടിക കോണ്‍ഗ്രസ് നാളെ പുറത്തിറക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഏരിയാ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥി പട്ടിക സിപിഎം പുറത്തിറക്കും. അതേസമയം 12 സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ പാര്‍ട്ടിയിൽ തര്‍ക്കങ്ങളുണ്ടെന്നാണ് വിവരം.