
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അയോഗ്യതാ ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച ചേരും. അന്നും എത്തിയില്ലെങ്കിൽ സുഗതൻ തുടർച്ചയായ മൂന്നാം യോഗത്തിലാണ് പങ്കെടുക്കാതിരിക്കുന്നത്. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കാനൊരുങ്ങുമ്പോൾ ഭീഷണി മറികടക്കാനുള്ള നീക്കത്തിലാണ് ബിജെപി ഭരണസമിതി.
കേരള മുൻസിപ്പാലിറ്റി നിയമപ്രകാരം തുടർച്ചയായ മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അംഗം അയോഗ്യനാകും. വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതന് അയോഗ്യതാ ഭീഷണിയുണ്ട്. ജൂൺ 9 ന് അറസ്റ്റിലായ സുഗതൻ ജയിലിൽ തുടരുന്നു. വെള്ളിയാഴ്ചക്കുള്ളിൽ ജാമ്യമില്ലെങ്കിൽ സുഗതനും ബിജെപി ഭരണസമിതിക്കും വെല്ലുവിളി. വെള്ളിയാഴ്ച സുഗതൻ എത്തിയില്ലെങ്കിൽ അയോഗ്യനായി പ്രഖ്യാപിക്കാനുള്ള നടപടി സെക്രട്ടറി തുടങ്ങണമെന്നാണ് സിപിഎമ്മും കോൺഗ്രസും ആവശ്യപ്പെടുന്നത്. എന്നാൽ സുഗതൻ 6 മാസത്തേക്കുള്ള അവധി അപേക്ഷ മേയർക്ക് നൽകിയെന്നാണ് ബിജെപി വാദം. അപേക്ഷ വെള്ളിയാഴ്ച കൗൺസിൽ യോഗത്തിൽ കൊണ്ടുവരുന്നതടക്കം ഭരണസമിതി പരിഗണിക്കുന്നു. എന്നാൽ കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ആൾക്ക് എങ്ങിനെ അവധി നൽകാനാകുമെന്നാണ് പ്രതിപക്ഷചോദ്യം.
ജയിലിലുള്ള പാലക്കാട് നഗരസഭയിലെ കോൺഗ്രസ് അംഗം പ്രശോഭ് സി വത്സനെ അയോഗ്യനാക്കാൻ സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രശോഭ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻറെ മുന്നിലാണ്. സമാനരീതിയിൽ സുഗതന്‍റെ അയോഗ്യതാ പ്രശ്നവും കമ്മീഷന് മുന്നിലേക്കെത്തും. സുഗതൻ അയോഗ്യനായാൽ ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലുള്ള തലസ്ഥാനത്തെ ബിജെപി ഭരണം താഴെപോകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam