ജാമ്യം നേടി ഒളിവിൽ പോയ പ്രതിക്കെതിരെ നടപടിയെടുത്തില്ല; തിരുവനന്തപുരം കമ്മീഷണർക്കെതിരെ കേസെടുത്ത് കോടതി

By Web TeamFirst Published Feb 8, 2023, 11:34 PM IST
Highlights

സിറ്റി പോലീസ് മേധാവി അടുത്ത മാസം ആറിന്  നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് ജഡ്ജി സനിൽ കുമാറിന്റേതാണ് ഉത്തരവ്.

തിരുവനന്തപുരം: കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കാത്ത സിറ്റി പോലീസ് കമ്മീഷണർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിനെതിരെയാണ് കേസ് എടുത്തത്. സിറ്റി പോലീസ് മേധാവി അടുത്ത മാസം ആറിന്  നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് ജഡ്ജി സനിൽ കുമാറിന്റേതാണ് ഉത്തരവ്.

2018-ൽ വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏക പ്രതി സജിത്ത് കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോയി. ഇതേ തുടർന്ന് പ്രതിയുടെ ജാമ്യം എടുത്ത സമയത്ത് നിന്ന ജാമ്യക്കാരെ കോടതിയിൽ വിളിപ്പിച്ചു.പ്രതി സ്ഥലത്ത് തന്നെ ഉണ്ടെന്നും പോലീസ് അറസ്റ്റ് ചെയ്യുവാൻ കൂട്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതേ തുടർന്ന് കോടതി വട്ടിയൂർക്കാവ് പോലീസ് മുഖേന വാറണ്ട് നടപ്പാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പോലീസ് വാറണ്ട് നടപ്പാക്കിയില്ല. ഇതേ തുടർന്ന് കോടതി സിറ്റി പോലീസ് മേധാവി മുഖേന വാറണ്ട് അയച്ചു. ഇതിന് വിശദീകരണം കോടതിയിൽ ഹാജരാക്കിയത് പക്ഷ കസ്റ്റോൺമെന്റ് അസി.കമ്മീഷണർ ആയിരുന്നു. ഈ റിപ്പോർട്ടിൽ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയതും ഇല്ല. ഇതേ തുടർന്നാണ് കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുവാൻ ഉത്തരവ് നൽകിയത്. 

click me!