
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ, ഗൈഡ് വയർ പുറത്തെടുക്കുന്നത് സങ്കീർണമെന്ന് ആരോഗ്യവിദഗ്ധർ. സുമയ്യയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന വയർ പുറത്തെടുക്കുന്നത് അപകടരമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇക്കാര്യം യുവതിയെയും കുടുംബത്തെയും ബോധ്യപ്പെടുത്താനാണ് തീരുമാനം. ഇന്ന് ചേർന്ന പ്രത്യേക മെഡിക്കൽ ബോർഡ് യോഗമാണ് സുമയ്യയുടെ ചികിത്സാരേഖകൾ വിശദമായി പരിശോധിച്ച് നിഗമനത്തിലേക്ക് എത്തിയത്. നെഞ്ചിൽ കുടുങ്ങിപ്പോയ ഗൈഡ് വയർ ഇപ്പോൾ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന നിലയിലാണ്.
പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയാൽ രക്തക്കഴലകൾ പൊട്ടാൻ സാധ്യതയുണ്ട്. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം. വയർ കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമാനം. ഗൈഡ് വയർ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽ അതിലെ റിസ്ക് ബോധ്യപ്പെടുത്തും. ശ്രീചിത്രയിലെ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ബോർഡ് തീരുമാനം. സുമയ്യയുടെ ശാരീരികാവസ്ഥയ്ക്ക് സർക്കാർ പരിഹാരം കാണമെന്നുംകുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം.
ശ്വാസംമുട്ടലടക്കം കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചിരുന്നു. അടുത്ത ദിവസം ഇതിൽ വിശദമായ പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും തുടർചികിത്സയിൽ തീരുമാനം. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്. തൈറോഡ് ഗ്രന്ഥി ശസ്ത്രക്രിയക്കിടെ രക്തവും മരുന്നും നൽകാനായിട്ട് സെൻട്രൽ ലൈനിന്റെ ഗൈഡ് വയറാണ് കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിരുന്നു. എന്നാൽ പിഴവ് വരുത്തിയവർക്കെതിരെ ഇനിയും നടപടിയെടുത്തിട്ടില്ല.