'ഞാനിനി ആരോട് പരാതി പറയും, ഞങ്ങടെ സാറ് പോയില്ലേ? പുതുപ്പള്ളിക്കിനി ആരാ ഉള്ളത്?' നെഞ്ചുലഞ്ഞ് പുതുപ്പള്ളി

Published : Jul 19, 2023, 10:28 AM ISTUpdated : Jul 19, 2023, 10:37 AM IST
'ഞാനിനി ആരോട് പരാതി പറയും, ഞങ്ങടെ സാറ് പോയില്ലേ? പുതുപ്പള്ളിക്കിനി ആരാ ഉള്ളത്?' നെഞ്ചുലഞ്ഞ് പുതുപ്പള്ളി

Synopsis

ചേതനയറ്റ ശരീരമായി തലസ്ഥാനത്തെത്തിച്ച ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ ഓരോ നിമിഷത്തിലും നെഞ്ചുലഞ്ഞ മനുഷ്യരുടെ നീണ്ട നിരയാണ് കണ്ടത്. 

കോട്ടയം: ''ഞങ്ങടെ സാറിന്റെ ജീവനില്ലാത്ത ശരീരം ഇങ്ങോട്ട് വരുന്നതിനെ കുറിച്ച് ഞങ്ങക്ക് ചിന്തിക്കാൻ പറ്റണില്ല. ഞങ്ങക്ക് സഹിക്കാൻ വയ്യ. പുതുപ്പള്ളിക്കിനി ആരുമില്ല. ഞങ്ങള് മരിക്കുന്നിടം വരെ ഞങ്ങടെ മനസ്സിലുണ്ടാകും ഞങ്ങടെ സാറ്.''  ഉമ്മൻചാണ്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പുതുപ്പള്ളിയിലെ  വാർ‍ഡ് മെമ്പറുടെ പ്രതികരണം. ഉമ്മൻചാണ്ടിയെന്ന അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്  തങ്ങളെ വിട്ടുപിരിഞ്ഞു എന്ന് അവര്‍ക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ജോലി കിട്ടിയവർ, വീട് വെക്കാൻ സാധിച്ചവർ, മക്കളുടെ കല്യാണം നടത്താൻ സാധിച്ചവർ അങ്ങനെയങ്ങനെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിന്‍റെ സഹായഹസ്തങ്ങളെക്കുറിച്ച് വിങ്ങിപ്പൊട്ടിയാണ് പുതുപ്പള്ളിക്കാർ ഓർത്തെടുക്കുന്നത്. 

തനിക്കെന്നും പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്കുള്ള അവസാനയാത്രയിലാണ് ഉമ്മൻചാണ്ടി. രാവിലെ ഏഴേകാലിന് തിരുവനന്തപുരത്ത് നിന്നും തിരിച്ചെങ്കിലും 10 മണിയായിട്ടും  വിലാപയാത്ര ന​ഗരാതിർത്തി പിന്നിട്ടിട്ടില്ല. പൂക്കളും കണ്ണീരുമായി പ്രിയപ്പെട്ട നേതാവിനെ കാണാൻ വിലാപയാത്ര കടന്നു പോകുന്ന പാതക്ക് ഇരുവശവും കാത്തുനിൽക്കുകയാണ് ജനസഞ്ചയം. അവരിൽ കുട്ടികളുണ്ട്, പ്രായമായവരും ഭിന്നശേഷിക്കാരുമുണ്ട്.

''എന്റെ മക്കളെയെല്ലാം കെട്ടിച്ചു വിട്ടത് സാറാണ്. ഇവിടെ വന്ന് പറഞ്ഞപ്പോ സാറാണ് എന്റെ മൂന്നുമക്കളെയും കെട്ടിക്കാൻ സഹായിച്ചത്. ഇനി ഞാൻ ആരോട് പരാതി പറയും? ഞങ്ങക്കിനി ആരാ ഉള്ളത്? ഇതുപോലൊരാളെ ഞങ്ങക്കിനി കിട്ടാനില്ല. എന്റെ സാറിനെ ജീവനോടെ എനിക്കൊന്ന് കാണാനൊത്തില്ല.'' വീട്ടിലൊരാൾ ഇല്ലാതായതിന്റെ വേദനയിൽ നെഞ്ചുപൊട്ടിക്കരയുകയാണ് ലീലാമ്മ എന്ന വീട്ടമ്മ. സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യനായിരുന്നു. ശത്രുക്കളെ പോലും അദ്ദേഹം സ്നേഹിച്ചിട്ടേയുള്ളൂ എന്ന് വിതുമ്പലടക്കുന്ന മറ്റൊരാൾ.

ചേതനയറ്റ ശരീരമായി തലസ്ഥാനത്തെത്തിച്ച ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ ഓരോ നിമിഷത്തിലും നെഞ്ചുലഞ്ഞ മനുഷ്യരുടെ നീണ്ട നിരയാണ് കണ്ടത്. എങ്ങും കണ്ണീരും അളവറ്റ സ്നേഹവുമായിരുന്നു ദൃശ്യമായത്. തിരുവനന്തപുരം എയർപോർട്ടിൽ തുടങ്ങിയ തിക്കും തിരക്കും രാത്രി വൈകിയും കെ പി സി സി ആസ്ഥാനത്തും ദൃശ്യമായിരുന്നു. ജനനായകനെ കാണാനായി രാഷ്ട്രീയ നേതാക്കളും കോൺഗ്രസ് പ്രവർത്തകരും സാധാരണ ജനങ്ങളും നിറഞ്ഞ കണ്ണുകളുമായാണ് എത്തിയത്. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്ന ജനനേതാവിൻ്റെ ഭൌതിക ശരീരവും ആൾക്കൂട്ടത്തിൻ്റെ നടുവിൽ തന്നെയായിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ കെ പി സി സി ആസ്ഥാനത്തെ പൊതുദർശനം അവസാനിപ്പിച്ച് ജഗതിയിലെ സ്വവസതിയായ പുതുപ്പള്ളി ഹൌസിലേക്ക് ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം മാറ്റി. രാവിലെ ഏഴ് മണിയോടെ കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചു.

രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് എ കെ  ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്.

എങ്ങും കണ്ണീരും സ്നേഹവും, രാത്രി വൈകിയും ഉമ്മൻചാണ്ടിയെ ഒരുനോക്ക് കാണാൻ ജനസാഗരം, നെഞ്ചുലച്ച് പൊതുദർശനം


 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ