
തിരുവനന്തപുരം : നിയമനത്തിനായുള്ള തിരുവനന്തപുരം മേയറുടെ ശുപാർശ കത്തിനെ കുറിച്ചുള്ള ക്രൈം ബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. കമ്പ്യൂട്ടറിൻെറയും ഫോണുകളുടെയും ഫൊറൻസിക് പരിശോധന റിപ്പോർട്ട് വന്നിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. നിയമനം നടക്കാത്തതിനാൽ അഴിമതി അന്വേഷണമില്ലെന്ന് വിജിലൻസ് ആവർത്തിക്കുന്നു. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്കുളള താൽക്കാലിക നിയമനത്തിനായി മേയർ ആര്യാ രാജേന്ദ്രൻറെ പേരിൽ തയ്യാറാക്കിയ കത്തിൻെറ ഉറവിടം കണ്ടെത്താൻ പൊലിസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.
കത്ത് തയ്യാറാക്കിയത് ആരെന്നന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറും, സംശത്തിൻെറ നിഴലിൽ നിൽക്കുന്ന മുൻ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.ആനിൽ മെഡിക്കൽ കോളജ് ലോക്കൽ സെക്രട്ടറി എസ്.എസ്.മനോജ് എന്നിവരുടെ ഫോണുകളും ഫൊറൻസിക് പരിശോധനക്കായി അയച്ചിരുന്നു. റിപ്പോർട്ട് ലഭിക്കാൻ ഇനിയും മാസങ്ങളെടുക്കും. ഇതിന് ശേഷമേ അന്വേഷണം മുന്നോട്ടുപോകൂ എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഫോറൻസിക് പരിശോധന ഫലത്തിൻെറ പകർപ്പുകള്‍ ലഭിക്കാൻ ഹാർഡ് ഡിസ്ക്കുകള്‍ ക്രൈം ബ്രാഞ്ച് ഫൊറൻസിക് ലാബിലേക്ക് വാങ്ങി നൽകണം. ഇതിന് പണം അനുവദിക്കാൻ അന്വേഷണ സംഘം ഡിജിപിക്ക് കത്തു നൽകിയിട്ടുണ്ട്. വർഷങ്ങള്‍ക്ക് മുമ്പുള്ള ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ പോലും പൂർത്തിയാകാതെ കെട്ടികിടക്കുകയാണ്. പ്രമാദമായ കേസുകളും കോടതി നിർദ്ദേശ പ്രകാരമുള്ള കേസുകളിലുമാണ് വേഗത്തിൽ റിപ്പോർട്ടുകള്‍ നൽകുന്നത്. മേയറുടെ കത്തിൻെറ സത്യാവസ്ഥ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അടിയന്തിര റിപ്പോർട്ട് എന്തായാലും ആവശ്യപ്പെടാൻ ഒരു സാധ്യതയില്ല. അതിനാൽ കേസന്വേഷണം അനിശ്ചിതമായി നീളും.
നിലവിലെ അവസ്ഥയിൽ കത്തിന്‍റെ ഒറിജിനൽ പകർപ്പു പോലും ആരും കണ്ടിട്ടില്ല. കത്ത് ആരാണ് തയ്യാറാക്കിയതെന്നും പുറത്തുവരാൻ സാധ്യതയില്ല. നവംബർ ആദ്യവാരം കത്ത് പുറത്തുവന്നിട്ടും വൈകി കേസെടുത്തതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടാനും സാധ്യതയേറെ. കത്തിലൂടെ നിയമനം നൽകി സർക്കാരിന് നഷ്ടം സംഭവിക്കാത്തിനാൽ വിജിലൻസും അന്വേഷണം അവസാനിപ്പിച്ച നിലയിലാണ്.
ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരം അവസാനിച്ചത് കേസന്വേഷണം വേഗത്തിൽ തീർക്കുമെന്ന ധാരണയിലാണ്. പക്ഷെ സമരം നിർത്തിയ പ്രതിപക്ഷസംഘടനകൾ പോലും ഇപ്പോൾ വിഷയം മറന്നമട്ടാണ്. ആകെ ഉണ്ടായ നടപടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിനെ സ്ഥാനത്തുനിന്നും മാറ്റിയത് മാത്രം
തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം: അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam