
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ അർജുന്‍റെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി. കയർ അർജുന്‍റെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇനിയുള്ള തിരച്ചിലിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഈ കണ്ടെത്തൽ. നേരത്തെ നേവിയുടെ തെരച്ചിൽ ഒരു ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അത് അർജുന്‍റെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മൂന്ന് ലോഹഭാഗങ്ങളും ഇന്ന് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഭാഗങ്ങളല്ല എന്നാണ് ഉടമ മനാഫ് വ്യക്തമാക്കിയത്. ലോറിയുടെ ലോഹഭാഗം തന്നെയാണ് കണ്ടെത്തിയതെന്നും, അപകടത്തില്‍പ്പെട്ട മാറ്റേതെങ്കിലും ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് വിവരിച്ചു. തിരച്ചിലിൽ കണ്ടെത്തിയ കയർ താൻ തന്നെ വാങ്ങിക്കൊടുത്തതാണെന്നും അർജുൻ ഓടിച്ച ലോറിയിൽ തടി കെട്ടിയിരുന്നതാണ് അതെന്നും മനാഫ് വ്യക്തമാക്കി.
അതിനിടെ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് ചെലവ് വരുന്നത്. ജലമാർഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam