'എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും'; അതിന്‍റെ തെളിവാണ് ഹേമചന്ദ്രന്‍റെ വെളിപ്പെടുത്തലെന്ന് തിരുവഞ്ചൂര്‍

By Web TeamFirst Published Jun 8, 2023, 10:33 AM IST
Highlights

സോളാര്‍ അന്വേഷണ കമ്മീഷന്‍  സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചുവെന്നായിരുന്നു മുൻ ഡിജിപി എ ഹേമചന്ദ്രന്‍റെ  ആത്മകഥയിലെ പരാമര്‍ശം

കോട്ടയം: സോളാർ കേസിലെ മുൻ ഡിജിപി എ. ഹേമചന്ദ്രന്‍റെ  വെളിപ്പെടുത്തലില്‍ പ്രതികരണവുമായി അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍ രംഗത്ത്. തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു. എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിന്‍റെ  തെളിവാണ് ഹേമചന്ദ്രന്‍റെ  വെളിപ്പെടുത്തൽ. ഇതിന്‍റെ  പേരിൽ ഉമ്മൻചാണ്ടിക്ക് തെറ്റിധാരണ ഉണ്ടാവാൻ സാധ്യതയില്ല. താനറിയാതെ ജോപ്പനെ അറസ്റ്റ് ചെയ്തതിൽ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. എന്നാൽ സർക്കാരിനെ അത്  പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഹേമചന്ദ്രനെ മാറ്റാതിരുന്നത്. ശിവരാജനെ അന്വേഷണ കമ്മീഷനായി നിയമിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. ഇക്കാര്യം ഉമ്മൻചാണ്ടിയെയും അറിയിച്ചിരുന്നുവെന്നും തിരുവഞ്ചൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സോളാര്‍ അന്വേഷണ കമ്മീഷന്‍  സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചുവെന്നായിരുന്നു   എ ഹേമചന്ദ്രന്‍റെ  ആത്മകഥയിലെ വെളിപ്പെടുത്തല്‍.സദാചാര പൊലീസിന്‍റെ  മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ് അന്വേഷണ സംഘതലവൻ എ ഹേമചന്ദ്രൻ പറയുന്നു.. നീതി എവിടെ എന്ന പേരിൽ  പുറത്തിറങ്ങുന്ന ആത്മകഥയിലാണ്  തുറന്ന ്പറച്ചിൽ .

കമ്മീഷന്‍റെ ഭാഗത്ത് നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്‍റെ  ശ്രമം . കമ്മീഷൻ തെളിവിനായി ആശ്രയിച്ചത് തട്ടിപ്പ് കേസിലെ പ്രതികളെ ആയിരുന്നെന്നും കമ്മീഷന്‍റെ  മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ  വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന  പെരുമാറ്റം കമ്മീഷന്‍റെ  ഭാഗത്ത് നിന്ന് ഉണ്ടായി . തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രൃകൃതി, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ.

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ  ടെനി ജോപ്പന്‍റെ  അറസ്റ്റ് വിവരം ഉമ്മൻചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നാണ്  ഹേമചന്ദ്രൻ പറയുന്നത്. അറസ്റ്റിന്‍റെ   പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂർ ആയിരുന്നു.  ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്

 

click me!