ഇളംങ്ങുളം സഹകരണ ബാങ്കിലെ തട്ടിപ്പ്: പ്രതികള്‍ ഇന്നും കാണാമറയത്ത്, 40 കോടി ഇന്നും കിട്ടാക്കടം

Web Desk   | Asianet News
Published : Jul 26, 2021, 07:50 AM ISTUpdated : Jul 26, 2021, 07:55 AM IST
ഇളംങ്ങുളം സഹകരണ ബാങ്കിലെ തട്ടിപ്പ്: പ്രതികള്‍ ഇന്നും കാണാമറയത്ത്, 40 കോടി ഇന്നും കിട്ടാക്കടം

Synopsis

അന്നത്തെ സഹകരണ ജോയിൻറ് രജിസ്ട്രാർ വിജി തമ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോഴത്തെ സഹകരണ മന്ത്രി വിഎന്‍ വാസവനെതിരെയുള്ള ആരോപണം രേഖപ്പെടുത്തിയിട്ടുണ്ട്. 

കോട്ടയം: സഹകരണ മന്ത്രി വിഎൻ വാസവനെതിരെ 25 വർഷം മുൻപ് ആരോപണം ഉയർന്ന  കോട്ടയം ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതികൾ തടിയൂരി. നിക്ഷേപർക്ക് പണം തിരികെ നൽകാൻ കോട്ടയം ജില്ലാ സഹകരണ ബാങ്ക്  നിന്നും ഇളംങ്ങുളം ബാങ്ക് കടമെടുത്ത  പലിശയടക്കം 40  കോടി രൂപ  ഇപ്പോഴും കിട്ടാക്കടമായി തുടരുന്നു. ഈടില്ലാ വായ്പ്പകൾ നൽകിയും വ്യാജ ചെക്കുകൾ നൽകിയും സാധാരണക്കാരുടെ നിക്ഷേപം തട്ടിയെടുത്ത ഭരണസമിതി അംഗങ്ങൾ ആ പണം റിയൽ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചത്

1996 ൽ 13 കോടിയുടെ തട്ടിപ്പ്. 25 വർഷങ്ങൾക്കിപ്പുറം അതിൻറെ മൂല്യം എത്രയാണെന്ന് ഊഹിക്കുന്നതിനപ്പുറം. 60 കോടി മൂലധനമുണ്ടായിരുന്ന കോട്ടയത്തെ പേരെടുത്ത സഹകരണ സ്ഥാപനമായിരുന്നു ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക്. മലയോര കർഷകൻ അവൻരെ അധ്വാനത്തിൻറെ നീക്കിയിരിപ്പ് വളരെ വിശ്വാസത്തോടെ ഇളങ്ങുളം സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. 30 വർഷമായി സിപിഎം നിയന്ത്രിത സമിതിയായിരുന്നു ഇവിടെ ഭരണം നടത്തുന്നത്.

വ്യാജ ഗുണ്ടിക വഴിയും ഈടില്ലാതെ തോന്നും പോലെ വായ്പകൾ ഇഷ്ടക്കാർക്ക് നൽകിയും ഭരണ സമിതിയും അവരുടെ നേതാക്കളും  കോടികൾ ധൂർത്തടിച്ചു. നിക്ഷേപകർ പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് കൈമലർത്തി. സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൻമേൽ ഭരണ സമിതി പിരിച്ച് വിട്ടു.

ഇന്നത്തെ സഹകരണ മന്ത്രി വിഎൻ വാസവനെതിരെ അന്ന് ഉയര്‍ന്ന ആരോപണം ഇങ്ങനെ, ബാങ്കില്‍ അംഗത്വമെടുക്കാൻ വാസവന് അർഹതയില്ല. വ്യാജ അംഗത്വ നമ്പര്‍ കാണിച്ച് അനധികൃതമായി രജിസ്റ്റർ ചെയ്ത പണയാധാര പ്രകാരമാണ് കെഎം ശങ്കരൻകുട്ടിക്ക് വാസവൻ ജാമ്യം നിന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കൈക്കലാക്കിയതോടെ ഇതിൽ സർക്കാരിന് പണ നഷ്ടമുണ്ടാക്കി - എലിക്കുളം പഞ്ചായത്തിലെ നാല് വാർഡുകളിൽ മാത്രം പരിധിയുണ്ടായിരുന്ന ബാങ്കിൽ നിന്ന് പാമ്പാടിയിൽ താമസിച്ചിരുന്ന വാസവൻ അംഗത്വമെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് അന്ന് ആരോപണം.

അന്നത്തെ സഹകരണ ജോയിന്‍റ് രജിസ്ട്രാർ വിജി തമ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിഎന്‍ വാസവനെതിരെയുള്ള ആരോപണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോർട്ട് പുറം ലോകം കണ്ടില്ല. സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കൾക്കെല്ലാം ക്ലീൻ ചിറ്റ് കിട്ടി. ബാങ്ക് മാനേജരും ചില ജീവനക്കാരും മാത്രം പ്രതികളായി. 25 വർഷമായി ബാങ്ക് സെക്രട്ടറി ഒളിവിലാണെന്നാണ് പറയുന്നത്. കേസ് ഇപ്പോഴും കോട്ടയം വിജിലൻസ് കോടതിയിലും.

പണം തിരികെക്കിട്ടാൻ മാസങ്ങളോളം നീണ്ട വലിയ പ്രക്ഷോഭം നടന്നു. ഒടുവിൽ അന്നത്തെ ഇടത് സർക്കാർ കോട്ടയം ജില്ലാ സഹകരണ ബാങ്ക് വഴി അടിയന്തിരമായി ഇളംങ്ങുളം സർവീസ് സഹകരണ ബാങ്കിന് 13 കോടി നൽകി. വിഎൻ വാസവനായിരുന്നു അന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ്. നിക്ഷേപകന് പണം തിരികെ കിട്ടി. 25 വർഷങ്ങൾക്കിപ്പുറം 13 കോടിയിൽ ഒരു നയാപ്പൈസ പോലും ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തിരിച്ചടച്ചില്ല. പലിശയടക്കം 40 കോടി ഇന്നും കിട്ടാക്കടം

കോട്ടയം ജില്ലാ ടൂറിസം വികസന സൊസൈറ്റി എന്ന സിപിഎം നിയന്ത്രിത സംഘടനയിലേക്കും ഇളങ്ങുളത്ത് നിന്ന് അനധികൃതമായി മൂന്നരക്കോടി പോയി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസിനെതിരെ ഈസംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കേസ് പിൻവലിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയില്‍ എത്തിയത് മൂന്ന് പേർ, പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കുപ്പിയില്‍ പെട്രോൾ നൽകാൻ, എതിർത്തതിന് പിന്നാലെ ഭീഷണി; പരാതി നൽകി പമ്പ് ഉടമ