കൊവിഡ് സഹായം; രണ്ടര കോടി ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീതം വച്ചെടുത്തു, വെട്ടിലായി കോണ്‍ഗ്രസ്

By Web TeamFirst Published Jul 10, 2020, 7:19 AM IST
Highlights

കാർഷിക വായ്പ കിട്ടിയത് 118 പേർക്ക്. ഇതിൽ ഭൂരിപക്ഷവും ബാങ്ക് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളും ഇഷ്ടക്കാരുമെന്നാണ് ജില്ല ബാങ്കിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 

ഇടുക്കി: ഇടുക്കി അടിമാലി സർവീസ് സഹകരണ ബാങ്കിൽ കൊവിഡ് വായ്പ വിതരണത്തിൽ ക്രമക്കേട്. നബാർഡ് അനുവദിച്ച അഞ്ച് കോടിയിൽ രണ്ടരക്കോടി രൂപ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീതംവച്ചെടുത്തെന്ന് ജില്ലാ ബാങ്കിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു ബാങ്ക് ഭരണസമിതിയുടെ പ്രതികരണം.

കൊവിഡ് പശ്ചാത്തലത്തിൽ ചെറുകിട കർഷക-വ്യവസായ മേഖലയെ സഹായിക്കാനായിരുന്നു നബാർഡിന്‍റെ വായ്പ. അഞ്ച് കോടി രൂപ വരെ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇതിൽ രണ്ടേകാൽ കോടി രൂപ കാർഷിക വായ്പയായും രണ്ടേമുക്കാൽ കോടി സ്വർണ വായ്പയായും അടിമാലി സർവീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു. 

കാർഷിക വായ്പ കിട്ടിയത് 118 പേർക്ക്. ഇതിൽ ഭൂരിപക്ഷവും ബാങ്ക് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളും ഇഷ്ടക്കാരുമെന്നാണ് ജില്ല ബാങ്കിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് വരെ രണ്ട് ലക്ഷം രൂപ വായ്പ കിട്ടി. സഹകരണ ബാങ്കിൽ അംഗത്വവും വായ്പയും ഒരേ ദിവസം ലഭിച്ചവരും പട്ടികയിലുണ്ട്.

6.8 ശതമാനം പലിശയിൽ ഒരു വർഷമാണ് വായ്പ കാലാവധി. നബാർഡ് അനുവദിച്ച അഞ്ച് കോടി രൂപയിൽ ഇടുക്കിയിൽ പൂ‍ർണമായും തുക വിനിയോഗിച്ചത് അടിമാലി സർവീസ് സഹകരണ ബാങ്ക് മാത്രം. ഇതിൽ സംശയം തോന്നിയായിരുന്നു ജില്ല ബാങ്കിന്‍റെ അന്വേഷണം. കോൺഗ്രസാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. സിപിഎം അംഗങ്ങൾ ഉൾപ്പെട്ടവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നതെന്നും രജിസ്ട്രാറുടെ അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നുമാണ് സഹകരണ ബാങ്കിന്‍റെ വിശദീകരണം.
 

click me!