
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട കിസാന്‍സഭയുടെ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിൽ കാനത്തിനെതിരെയുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജയേഷ്, ഷിജു, കൃഷ്ണകുമാർ എന്നിവരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി പരിശോധനയിലൂടെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. കാനത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ പിടിയിലായത് സിപിഐക്ക് നാണക്കേടായി.
പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നോർത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാർ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാർ സുഹൃത്ത് കൊണ്ടുപോയതാണെന്നും കാർ ഉടമ പൊലീസിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam