
ആലപ്പുഴ: ചെങ്ങന്നൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദനം. ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചത്. പത്തനംതിട്ട ജില്ലക്കാരായ രണ്ടു പേർ അറസ്റ്റിലായി. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ സ്വദേശി അജു അജയൻ ( 19 ), ബിനു ( 19 ) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 19 ന് രാത്രിയാണ് സംഭവം നടന്നത്.
പമ്പിലെത്തിയ യുവാക്കൾ വാഹനത്തിൽ 50 രൂപയ്ക്ക് പെട്രോൾ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നൽകിയത്. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോൾ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം പമ്പിൽ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കൾ വാഹനം റോഡരികിൽ നിർത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മർദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ വയോധികനായ ജീവനക്കാരൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയായിരുന്നു.