
പത്തനംതിട്ട: വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള പത്തനംതിട്ട അടൂർ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് അധികൃതരുടെ ക്രൂരമർദ്ദനം. പ്രാർത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ചാണ് വാർഡൻ അടക്കമുള്ളവർ കുട്ടികളെ ക്രൂരമായി തല്ലിയത്. പരിക്കേറ്റ ഒമ്പത് കുട്ടികളിൽ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശി വിജയകുമാർ, റാന്നി സ്വദേശി അശോകൻ എന്നിവരാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാർഥനാ ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികളെ മുറിയിലിട്ട് മർദ്ദിച്ചത്. ആശ്രമം അധികൃതർ അറിഞ്ഞു കൊണ്ടാണ് മർദ്ദിച്ചതെന്ന് കുട്ടികൾ തന്നെ പറയുന്നു.
''ഞങ്ങൾ പ്രാർത്ഥനയ്ക്ക് വരിവരിയായി ഇരുന്നില്ല എന്ന് പറഞ്ഞായിരുന്നു തല്ലിയത്. ഞങ്ങൾ പിന്നിലാണ് ഇരുന്നത്. മുകളിൽ പഠിക്കാൻ പോകണ്ട സമയമായിരുന്നു. പ്രാർത്ഥനയ്ക്കിടെ ഞങ്ങൾ ശ്ലോകങ്ങൾ ചൊല്ലുന്നതൊക്കെ ഇവർക്ക് കേൾക്കാമായിരുന്നു. എന്നിട്ടും ഞങ്ങള് വരിയായി ഇരുന്നില്ല എന്ന് പറഞ്ഞാണ് തല്ലിയത്'', എന്ന് കുട്ടികൾ.
അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുളള കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും അംഗങ്ങളും സന്ദർശിച്ചു. കുട്ടികളെ സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സി.ഡബ്ള്യു.സി ചെയർമാൻ അഡ്വ. എ സക്കീർ ഹുസൈൻ പറഞ്ഞു.
''സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനോട് അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കൃത്യമായ വകുപ്പുകൾ ചുമത്തിത്തന്നെയല്ലേ കേസെടുത്തിരിക്കുന്നത് എന്നും പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം, അധികൃതർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കും'', എന്ന് സി.ഡബ്ള്യു.സി ചെയർമാൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam