
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. രാവിലെ പരിശീലനം നൽകിയ ശേഷം ഗേറ്റ് പൂട്ടി. എന്നാൽ ഏഴ് കുട്ടികള്‍ മതിൽചാടിക്കടന്നാണ് നീന്തൽകുളത്തിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടികള്‍ക്ക് നീന്തൽ അറിയില്ലാതായിരുന്നു. കുളത്തിലെ ആഴമുള്ള ഭാഗത്തേയ്ക്ക് പോയ കുട്ടികളാണ് മുങ്ങിത്താണത്. ഒപ്പമുണ്ടായിരുന്നവർ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നീന്തൽ കുളത്തിന്‍റെ നടത്തിപ്പ് ആനാട് ഗ്രാമപഞ്ചായത്ത് ഒരു ക്ലബിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. നീന്തൽകുളത്തിൽ ആളുകള്‍ അനധികൃതമായ പ്രവേശിക്കുന്നത് നിരീക്ഷിക്കാൻ പഞ്ചായത്ത് സിസിടിവി സ്ഥാപിച്ചിരുന്നു. കുട്ടികള്‍ നീന്തുന്നത് ശ്രദ്ധയിൽപ്പെട്ട് ക്ലബ് ഭാരാവാഹികള്‍ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അപകടം നടന്നിരുന്നു. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ജില്ലാ പഞ്ചായത്ത് മുൻ അംഗം ആനാട് ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മരിച്ച ഷിനിൽ മഞ്ച ഗവ. ഹയർസെൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ആരോമൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam