കണ്ടെയ്നർ നിറച്ച് പുഴുവരിച്ച മീൻ, ചീഞ്ഞളിഞ്ഞ വെള്ളം പുറത്തേക്ക് ഒഴുകുന്നു; അന്വേഷണം എത്തി നിന്നത്...

By Web TeamFirst Published Feb 8, 2023, 2:14 PM IST
Highlights

മരട് നഗരസഭയുടെ കത്തനുസരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിലാണ് ഉടമയെ കണ്ടെത്തിയത്. കണ്ടെയ്നറുകൾ വാടകയ്ക്ക് നൽകുന്ന കമ്പനിയാണ് തന്‍റെതെന്നും ഇതനുസരിച്ച് നൽകിയതാണ് മീൻ കൊണ്ടുവന്ന കണ്ടെയ്നറുകളെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറയിച്ചു

കൊച്ചി: എറണാകുളം മരടിൽ നിന്ന് 6,000 കിലോ പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ട് കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാ‍ഡ സ്വദേശിയാണ് ഉടമ. എന്നാൽ, വാഹനങ്ങൾ വാടകയ്ക്ക് നൽകിയതാണെന്നും മീൻ ഇടപാടുമായി ബന്ധമില്ലെന്നുമാണ് ഉടമയുടെ വാദം. ബം​ഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഒരു മാസത്തോളം പഴക്കമുള്ള മീൻ കൊണ്ടുവന്നതെന്നാണ് സൂചന. ആന്ധ്ര വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്‍റേതാണ് പുഴുവരിച്ച മീൻകൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും.

മരട് നഗരസഭയുടെ കത്തനുസരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിലാണ് ഉടമയെ കണ്ടെത്തിയത്. കണ്ടെയ്നറുകൾ വാടകയ്ക്ക് നൽകുന്ന കമ്പനിയാണ് തന്‍റെതെന്നും ഇതനുസരിച്ച് നൽകിയതാണ് മീൻ കൊണ്ടുവന്ന കണ്ടെയ്നറുകളെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറയിച്ചു. പിഴയടച്ച് വാഹനം കൊണ്ടുപോകാൻ ഏജന്‍റിനെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഉടമ നേരിട്ടെത്താതെ വാഹനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.

പിടിച്ചെടുത്തവയിൽ ഒരു മാസത്തോളം പഴക്കമുള്ള മീനുകളുമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പഴക്കം കുറഞ്ഞ മീനും ചീഞ്ഞ മീനും കലർത്തി വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്നാണ് സൂചന. മീൻ പെട്ടികളിലെ രേഖപ്പെടുത്തൽ അനുസരിച്ച് ബം​ഗളൂരു ആസ്ഥാനമായ പ്രമുഖ സീഫുഡ് കമ്പനിയുടേതാണ് മീൻ. ആലപ്പുഴയിലെ ചെറുകിട സീഫുഡ് കമ്പനിയിലേക്കാണ് മീൻ കൊണ്ടുവന്നതെന്നും സൂചനയുണ്ട്. ഒളിവിലുള്ള കണ്ടെയ്ന‍ർ ഡ്രൈവർമാരെ കണ്ടെത്തിയാലേ ഇക്കാര്യം വ്യക്തമാകൂ.

കണ്ടെയ്നർ ഉടമയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് മരട് നഗരസഭ. കഴിഞ്ഞ ദിവസം മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാർ കണ്ടെയ്നർ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുർഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറിൽ 100 പെട്ടി മീനും മറ്റൊന്നിൽ 64 പെട്ടി മീനുമാണ് ഉണ്ടായിരുന്നത്. 

'ചില നേതാക്കൾ അപമര്യാദയായി പെരുമാറി, പ്രകോപനമുണ്ടായി'; ഡിസിസി ഓഫീസ് കതക്ക് ചവിട്ടിയ നേതാവിന്റെ വിശദീകരണം
 

click me!