Marad massacre : രണ്ടാം മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

By Web TeamFirst Published Nov 23, 2021, 1:42 PM IST
Highlights

രണ്ടാം മാറാട് കലാപക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 95ാം പ്രതി ഹൈദ്രോസ്, 148ാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെ മാറാട് പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു

കോഴിക്കോട്: രണ്ടാം മാറാട് കലാപ കേസിലെ  രണ്ടു പ്രതികൾക്കു കൂടി ഇരട്ട ജീവപര്യന്തം തടവ്. 95ാം പ്രതി ഹൈദ്രോസ, 148ാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കലാപ ലക്ഷ്യത്തോടെ സ്ഫോടക വസ്തു കൈവശം വച്ചതിലെ വകുപ്പുകൾ, മാരകായുധം കൈവശം വയ്ക്കൽ  എന്നീ കുറ്റങ്ങൾ പ്രകാരമാണ് ഹൈദ്രോസിന് രണ്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. 

ഹൈദ്രോസ 102000 രൂപ പിഴയും  അടക്കണം. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദീൻ നൽകണം. സർക്കാരിന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ ആർ ആനന്ദ് ഹാജരായി. 

കലാപ ശേഷം ഒളിവില്‍ പോയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. 2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച രണ്ടാം മാറാട് കലാപം. ഈ കേസില്‍  പ്രത്യേക കോടതി  63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിൽ 24 പേര്‍ക്ക് കൂടി കേരള ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു.

click me!