കാറിനുള്ളിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

By Web TeamFirst Published Oct 3, 2019, 4:28 PM IST
Highlights

കഞ്ചാവ് കടത്ത് സംഘങ്ങളുടെ ഇഷ്ട ജില്ലയായി മാറുകയാണ് പാലക്കാട്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ പാലക്കാട് വഴി ബൈക്കിലും മറ്റുമായാണ് കഞ്ചാവ് കടത്തുന്നത്.

പാലക്കാട്: ഗോവിന്ദാപുരത്ത് കാറിൽ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് എക്സൈസ് ഇൻറലിജൻസ് പിടികൂടി. പഴനിയിൽ നിന്നും തുശ്ശൂരിലേക്ക് കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കേസിൽ തൃശ്ശൂർ സ്വദേശികളായ ജിബിൻ, ഹാസിഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചാവ് കടത്ത് സംഘങ്ങളുടെ ഇഷ്ട ജില്ലയായി മാറുകയാണ് പാലക്കാട്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ പാലക്കാട് വഴി ബൈക്കിലും മറ്റുമായാണ് കഞ്ചാവ് കടത്തുന്നത്. ജനുവരിയിൽ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ജനുവരിയിൽ 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളും ഫെബ്രുവരിയിൽ 19 കിലോ കഞ്ചാവും ആ​ഗസ്റ്റിൽ ഇരുനൂറ് കിലോ കഞ്ചാവും ആര്‍ പി എഫും എക്‌സൈസും ചേർന്ന് പിടികൂടിയിരുന്നു.

എല്ലാ കേസുകളിലും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികളായിട്ടുള്ളതെന്നും എക്സൈസ് അറിയിച്ചു. കഞ്ചാവ് കടത്തൽ സംഘങ്ങളിൽ സ്ത്രീകളും സജീവമായതോടെ വനിതാ ഉദ്യോഗസ്ഥരുടെ സ്ക്വാഡും ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ആ​ഗസ്റ്റിലാണ് ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെ രണ്ട് ബാഗുകള്‍ക്ക് ഉടമസ്ഥരില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

click me!