
ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും മന്ത്രി പറഞ്ഞു. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാൻ ചോദിച്ചു.
പ്രതിഭയുടെ മകനും സുഹൃത്തുക്കളും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു പ്രതിഭ എംഎൽഎയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നൽകേണ്ടയെന്നും സജി ചെറിയാൻ പറഞ്ഞു. യു പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ മികച്ച എംഎൽഎമാരിൽ ഒരാളാണ് യു പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയിൽ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.
യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. വാർത്തപുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു. വ്യാജവാർത്തയെന്നും മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാൽ, എംഎൽഎയുടെ വാദം തള്ളുന്നതാണ് എഫ്ഐആറിലെ വിവരങ്ങൾ. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam