യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

By Web TeamFirst Published Sep 9, 2020, 1:03 PM IST
Highlights

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകൾക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകൾ.

കേസിൽ റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻഐഎ കോടതി വിധി പറഞ്ഞത്. എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്. 

ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

click me!