സ്പ്രിംക്ലര്‍: ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് കുറ്റമേറ്റ് പറയണമെന്ന് യുഡിഎഫ്

By Web TeamFirst Published Apr 24, 2020, 11:41 PM IST
Highlights

സ്പ്രിംക്ലര്‍ കരാർ നടപടിക്രമങ്ങളിലെ  സുതാര്യതയില്ലായ്മ സംബന്ധിച്ച പ്രതിപക്ഷ ആരോപണവും കോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിക്കരുതെന്ന് കോടതി നിർദേശം നൽകിയതും ശക്തമായ താക്കീതാണ്.

കൊച്ചി: സ്പ്രിംക്ലര്‍ ഇടപാടില്‍ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നതോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി. ഡാറ്റാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നുമാണ്  പ്രതിപക്ഷം  മുന്നോട്ട് വച്ച പ്രധാന ആവശ്യം. വ്യക്തികളുടെ അനുമതി തേടിയ ശേഷമേ വിവര ശേഖരണം നടത്താവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യങ്ങളെല്ലാം കോടതി ഉറപ്പ് വരുത്തി. ഐടി സെക്രട്ടറി പറഞ്ഞത് അനുമതി ചോദിച്ചാൽ ആരും തരില്ല എന്നാണ്. എന്നാൽ അനുമതി തേടണം എന്ന കോടതി ഉത്തരവ് ഐടി സെക്രട്ടറിയുടെ നിലപാടിനുള്ള തിരിച്ചടിയാണ്. സ്പ്രിംക്ലര്‍ കരാർ നടപടിക്രമങ്ങളിലെ  സുതാര്യതയില്ലായ്മ സംബന്ധിച്ച പ്രതിപക്ഷ ആരോപണവും കോടതി ശരിവച്ചു.

സംസ്ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിക്കരുതെന്ന് കോടതി നിർദേശം നൽകിയതും ശക്തമായ താക്കീതാണ്. ഇടക്കാല കോടതി വിധിയിൽ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് കുറ്റമേറ്റ് പറയണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

ഇടക്കാല ഉത്തരവ് സർക്കാരിന് മുന്നോട്ട് പോകാനുള്ള അനുവാദമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് അസംബന്ധമാണ്. വാര്‍ത്താസമ്മേളനങ്ങളിൽ കരാറിനെ ന്യായീകരിച്ചിരുന്ന മുഖ്യമന്ത്രി ഇനിയും ഇക്കാര്യത്തിൽ ഉരുണ്ട് കളിക്കരുത്. ഐ.ടി സെക്രട്ടറിയുടെ സമീപനങ്ങൾ തെറ്റാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ തല്സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

click me!