ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ച് വീക്ഷണം, വിശദീകരണം തേടി കെപിസിസി

By Web TeamFirst Published Jan 31, 2021, 3:14 PM IST
Highlights

അച്ചടിപ്പിശക് സംഭവിച്ചതെന്നാണ് നേതാക്കളടക്കം പലരും പ്രതികരിച്ചതെങ്കിലും ജാഗ്രത കുറവ് ഉണ്ടായെന്നും ഗൂഢാലോചനയുണ്ടോ എന്ന് വരെ സംശയിക്കുന്നുവെന്നുമാണ് വീക്ഷണം എംഡിയുടെ ചുമതല നിർവഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫ്
ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തിൽ. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വലിയ ചർച്ച ആയതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല തന്നെ രംഗത്തെത്തി. കാസർക്കോടുള്ള ചെന്നിത്തല ക്ഷുഭിതനായി വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തിയറിയിച്ചു. പരിശോധിക്കാൻ കെപിസിസിയോടും ആവശ്യപ്പെട്ടു. 

ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഐശ്വര്യകേരള യാത്രക്ക് ആശംസകൾ എന്നതിന് പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ച് വന്നത്. ഇതോടെ സോഷ്യൽ മീഡിയയിലടക്കം വിഷയം ചർച്ചയായി. നിലവിലെ കോൺഗ്രസ് രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി ചേർത്ത് വെച്ച് പ്രചരിച്ചതോടെ കെപിസിസി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. പിടി തോമസ് ഒഴിഞ്ഞശേഷം വീക്ഷണം എംഡി സ്ഥാനം കെവി തോമസിന് നൽകിയെങ്കിലും അദ്ദേഹം ഏറ്റെടുക്കാത്തതിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫിനാണിപ്പോൾ ചുമതല. ജെയ്സൺ ഉമ്മൻചാണ്ടിയുടെ വലംകൈ ആയതിനാൽ പിന്നിൽ എന്തെങ്കിലും അട്ടിമറിയുണ്ടോ എന്ന് വരെ ഐ ഗ്രൂപ്പ് സംശയിക്കുന്നു.

അച്ചടിപ്പിശക് സംഭവിച്ചതെന്നാണ് നേതാക്കളടക്കം പലരും പ്രതികരിച്ചതെങ്കിലും ജാഗ്രത കുറവ് ഉണ്ടായെന്നും ഗൂഢാലോചനയുണ്ടോ എന്ന് വരെ സംശയിക്കുന്നുവെന്നുമാണ് വീക്ഷണം എംഡിയുടെ ചുമതല നിർവഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എങ്ങനെയാണ് തെറ്റ് വന്നതെന്ന് അന്വേഷിച്ച് വരികയാണെന്നും ബന്ധപ്പെട്ടവരോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും നടപടി ഉണ്ടാകുമെന്നും ജെയ്‌സൺ വ്യക്തമാക്കി.

കേരളത്തെ സമ്പല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുവാൻ എന്ന അവകാശവാദവുമായി ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന ഐശ്വര്യ കേരള യാത്രക്കാണ് തുടങ്ങുന്നതിന് മുന്നേ പാർട്ടി പത്രം തന്നെ 'ആദരാഞ്ജലി' അർപ്പിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജോസഫ് അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുമുണ്ട്. ഇതിന് താഴെ ബാങ്കുകളുടെ പരസ്യത്തിന് മുകളിലായാണ് ആശംസകൾ എന്നതിന് പകരമായി ആദരാഞ്ജലികളെന്ന് അച്ചടിച്ച് വന്നത്. 

click me!