
മലപ്പുറം: മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന ആരോപണവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് പറഞ്ഞു. സ്ട്രോങ് റൂം തുറക്കാൻ നൽകിയ നിർദേശം പിന്നീട് കളക്ടർ പിൻവലിച്ചു. കളക്ടർ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് സംശയമുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ പറഞ്ഞു. കളക്ടർക്ക് എതിരെ നടപടി വേണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ആവശ്യപ്പെട്ടു.
സ്ട്രോങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ സന്ദേശം നൽകി എന്നാണ് യുഡിഎഫിന്‍റെ ആരോപണം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറക്കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയതോടെ കളക്ടർ പിന്മാറി എന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. സാധാരണ വോട്ടെണ്ണലിന് മുൻപ് പാർട്ടികളുടെ ഏജന്‍റുമാരുടെ മുന്നിൽ വച്ചാണ് സ്ട്രോങ് റൂം തുറക്കുക.
ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടായിരുന്നുവെന്നും ഇത് നീക്കാനാണ് കളക്ടർ നിർദേശിച്ചതെന്നുമാണ് കളക്ട്രേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കളക്ടർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam