'വെല്‍ഫെയര്‍' ബന്ധം ഗുണം ചെയ്യുമെന്ന് യുഡിഎഫ്, തിരിച്ചടിക്കുമെന്ന് എല്‍ഡിഎഫ്; മലപ്പുറത്തെ പ്രതീക്ഷകളിങ്ങനെ

By Web TeamFirst Published Dec 15, 2020, 10:44 AM IST
Highlights

തെരെഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ തന്നെ വിവാദമായ വെൽഫെയർ പാർട്ടി യു.ഡി.എഫ് ബന്ധം തന്നെയാണ് മലപ്പുറത്ത് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും ശ്രദ്ധാകേന്ദ്രം. 

മലപ്പുറം: പുറത്ത് ഏറെ വിവാദമുണ്ടാക്കിയെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്ക് മലപ്പുറത്ത് ഏറെ ഗുണം ചെയ്തെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് അവിശുദ്ധ സഖ്യത്തിനെതിരായി യുഡിഎഫിലെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ തുണച്ചിട്ടുണ്ടെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. 

തെരെഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ തന്നെ വിവാദമായ വെൽഫെയർ പാർട്ടി യു.ഡി.എഫ് ബന്ധം തന്നെയാണ് മലപ്പുറത്ത് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും ശ്രദ്ധാകേന്ദ്രം. ഈ സഖ്യത്തിനെതിരായി യു.ഡി.എഫില്‍ വലിയ എതിര്‍പ്പുണ്ടായിട്ടുണ്ടെന്നും പരസ്യമായി പ്രകടിപ്പിക്കാൻ കഴിയാത്തവരടക്കം വിലയൊരു വിഭാഗം യു,ഡി.എഫില്‍ നിന്ന് വോട്ട് മറിച്ചിട്ടുണ്ടെന്നുമാണ് ഇടതുമുന്നണിയുടെ വിലയിരുത്തലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറയുന്നു.

എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കൈവിട്ടുപോയ പല നഗരസഭകളും പഞ്ചായത്തുകളും തിരിച്ചുപിടിക്കാൻ കഴിയുന്ന വിധമുള്ള വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.  വെല്‍ഫെയര്‍ പാര്‍ട്ടി ഇടതുമുന്നണിക്കൊപ്പം നിന്നതുകൊണ്ട് മാത്രം ഭരണം നഷ്ടപെട്ട കൂട്ടിലങ്ങാടി പഞ്ചായത്തടക്കം ഇത്തരത്തില്‍ തിരിച്ചു പിടിക്കാൻ കഴിയുന്ന പഞ്ചായത്തുകളുടെ കണക്കില്‍ യു.ഡി.എഫ് കൂട്ടിയിട്ടുണ്ട്.

ഇടതു വലത് മുന്നണികളുടെ ഈ തര്‍ക്കത്തിനിടയില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനായെന്ന വിശ്വാസമാണ് വോട്ടെടുപ്പ് കഴിയ‍ുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡണ്ട്  ഹമീദ് വാണിയമ്പലത്തിന്‍റെ വാദം. കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യത്തിലും മലപ്പുറത്തുണ്ടായത് ഉയര്‍ന്ന പോളിംഗാണ്. ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ഏറെ പ്രതീക്ഷയോടെയാണ് ഇരു മുന്നണികളും നോക്കിക്കാണുന്നത്. 

click me!