
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി.ജലീലിന്റ രാജി ആവശ്യം ശക്തമാക്കി യുഡിഎഫും ബിജെപിയും. പ്രതിഷേധം കടുക്കുമ്പോഴും ജലീലിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ. മാധ്യമങ്ങളോട് പ്രതികരിക്കാൻ ജലീൽ ഇതുവരെ തയ്യാറായിട്ടില്ല.
ജലീലിന്റെ രാജിക്കായി രാഷ്ട്രീയ പ്രതിഷേധം കത്തിപ്പടരുമ്പോഴും മന്ത്രിക്കൊപ്പം നിലയുറപ്പിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. അന്വേഷണ ഏജൻസി ചില വിവരങ്ങൾ ചോദിച്ചറിയാൻ മാത്രമാണ് ജലീലിനെ വിളിച്ചതെന്ന നിലപാടിലാണ് പാർട്ടി. ചോദ്യം ചെയ്യാൻ വിളിച്ചതിൽ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേര് ഉയർന്നു വന്നതിൽ സിപിഐക്ക് അതൃ്പതിയുണ്ടെങ്കിലും തെരഞ്ഞെടുപ്പുകൾ അടുത്ത് നിൽക്കെ ഇക്കാര്യം പരസ്യമാക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. എന്നാൽ രാജിയിൽ കുറഞ്ഞൊന്നും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ പ്രശ്നം സജീവമമാക്കി നിർത്താനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
ജലീൽ ഔദ്യോഗിക വാഹനം ഒഴിവാക്കി ചോദ്യം ചെയ്യലിന് പോയത് എന്തൊക്കെയോ ഒളിച്ചുവയ്ക്കാനുള്ളത് കൊണ്ടന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ജലീലിന്റെ പല ഇടപാടുകളിലും മുഖ്യമന്ത്രിക്ക് പങ്കാളിത്തമുളളതുകൊണ്ടാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തതെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലെ രണ്ട് വരിയിൽ പ്രതികരണമൊതുക്കിയ ജലീൽ കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam