
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഇടത് കൗണ്‍സിലര്‍മാര്‍ മേയര്‍ സുമ ബാലകൃഷ്ണനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നു. ചില ഇടത് കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തന്നെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് സുമ ബാലകൃഷ്ണനും ആരോപിച്ചു. പരിക്കേറ്റ മേയര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. മേയര്‍ക്ക് മര്‍ദ്ദനമേറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കണ്ണൂര്‍ നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ ഉച്ച വരെയാണ് ഹര്‍ത്താല്‍.
കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളെ മര്‍ദ്ദിച്ചു എന്നാരോപിച്ച് ഇടത്-വലത് കൗണ്‍സിലര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂര്‍ നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൗണ്‍സില്‍ യോഗത്തിലേക്ക് കടന്നു വരുമ്പോള്‍ ആണ് എന്നെ കടത്തി വിടാതെ തടഞ്ഞത്. പ്രമോദ് എന്ന കൗണ്‍സിലര്‍ എന്ന നെഞ്ചത്ത് കുത്തുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണതോടെ പിന്നെ സംഘര്‍ഷമായി. രാജീവ്, മുരളി, സജിത്ത് എന്നീ കൗണ്‍സിലര്‍മാരും ആക്രമിച്ചവരിലുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു.
തന്നെ ഇടത് കൗണ്‍സിലര്‍മാര്‍ ഉപദ്രവിക്കുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രക്ഷിക്കാനോ സുരക്ഷിതയായി പുറത്ത് എത്തിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും. ജനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഈ രീതിയില്‍ പെരുമാറിയതോടെ ഞെട്ടിപോയെന്നും വികാരഭരിതയായി മേയര്‍ സുമ ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam