
കോങ്ങാട്: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് യുഡിഎഫ്. സിറ്റിംഗ് എംഎല്‍എ ആയ അഡ്വ. കെ ശാന്തകുമാരിയെ പരാജയപ്പെടുത്തി കെ എ തുളസിയാണ് വിജയിച്ചത്. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍റെ ഭാര്യ കൂടിയാണ് കെ എ തുളസി. ഒരു വീട്ടില്‍ നിന്ന് തന്നെ എംപിയും എംഎല്‍എയും എന്ന അപൂര്‍വ്വതയാണ് തുളസിയുടെ വിജയത്തോടെ യാഥാര്‍ഥ്യമായിരിക്കുന്നത്. രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. 3706 വോട്ടുകള്‍ക്കാണ് കെ എ തുളസിയുടെ വിജയം. തുളസി 62,734 വോട്ടുകള്‍ നേടിയപ്പോള്‍ അഡ്വ. കെ ശാന്തകുമാരി 59,028 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള ഡോ. രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം. 2011-ല്‍ മണ്ഡലം രൂപീകരിച്ചത് മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയിച്ചയിടമാണ് കോങ്ങാട്. 2021-ൽ മുഖ്യ എതിരാളിയായ യുഡിഎഫിലെ യു.സി. രാമനെ (മുസ്ലീം ലീഗ്) 27,219 വോട്ടുകൾക്കാണ് സിപിഎമ്മിലെ കെ. ശാന്തകുമാരി പരാജയപ്പെടുത്തിയത്. കെ. ശാന്തകുമാരി 67,881 വോട്ടുകളും യു.സി. രാമന്‍ 40,662 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എം. സുരേഷ് ബാബുവിന് സ്വന്തമാക്കാനായത് 27,661 വോട്ടുകളാണ്. അതിന് മുമ്പ് 2016-ലും 2011-ലും സിപിഎമ്മിലെ കെ.വി. വിജയദാസ് ആയിരുന്നു കോങ്ങാടിന്‍റെ എംഎല്‍എ. 2016-ല്‍ 13,271 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2011-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 3,565 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു വിജയദാസിന്‍റെ വിജയം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും കോങ്ങാട് നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷം കൃത്യമായി ഭൂരിപക്ഷം വര്‍ധിപ്പിച്ചതായാണ് മുന്‍കാല ചരിത്രം.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അഞ്ച് പഞ്ചായത്തുകള്‍ എല്‍ഡിഎഫും മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു. കോങ്ങാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബിജെപി വോട്ട് വര്‍ധിപ്പിക്കുന്നത് നിര്‍ണായകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam