
ചടയമംഗലം: സിപിഐയുടെ ഉറച്ച കോട്ടയായ ചടയമംഗലത്ത് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ജെ. ചിഞ്ചുറാണിയെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം.എം. നസീറിന് തകർപ്പൻ വിജയം. കടുത്ത പോരാട്ടത്തിനൊടുവിൽ 7486 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 68281 വോട്ടുകൾ നേടിയാണ് എംഎം നസീർ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി ജെ ചിഞ്ചുറാണി 60795 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ആർ എസ് അരുൺ രാജ് 20971 വോട്ടുകളും നേടി.
കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. സിപിഐയുടെ കുത്തക സീറ്റുകളിൽ ഒന്നായിരുന്ന ചടയമംഗലത്ത് ഇത്തവണ വികസനവും, ഭരണ വിരുദ്ധതയും രാഷ്ട്രീയ ആരോപണങ്ങളും കൊടുംമ്പിരി കൊണ്ട തെരഞ്ഞെടുപ്പിനായിരുന്നു സാക്ഷ്യം വഹിച്ചത്. മണ്ഡലത്തിലെ വികസനവും ഭാവിയും എടുത്തുകാട്ടി ജെ. ചിഞ്ചുറാണിയും ഭരണത്തിലെ പോരായ്മ ഉയർത്തിക്കാട്ടി എംഎം നസീറും വാശിയോടെയാണ് മത്സരംഗത്ത് ഉണ്ടായിരുന്നത്. സിപിഐ യിലെ പാർട്ടി കലഹവും പ്രവർത്തകരുടെ മുന്നണി മാറ്റവും പ്രധാന നേതാവ് മുസ്തഫ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നതും മണ്ഡലത്തിൽ ചർച്ചയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13,678 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലം ജെ. ചിഞ്ചുറാണി നിലനിർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam