കൊടുവള്ളിയില്‍ കിടിലന്‍ വിജയവുമായി പി കെ ഫിറോസ്; സ്വതന്ത്ര പരീക്ഷണം വീണ്ടും പാളി എല്‍ഡിഎഫ്

Published : May 04, 2026, 03:21 PM IST
p k firoz

Synopsis

പി. കെ ഫിറോസ് 95164 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സലീം മടവൂര്‍ 58482 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി ഗിരി പമ്പനാൽ (ബിഡിജെഎസ്) 9832 വോട്ടുകളും നേടി.

കൊടുവള്ളി: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി പി. കെ ഫിറോസിന് (മുസ്ലീം യൂത്ത് ലീഗ്) തകർപ്പൻ വിജയം. 36682 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഫിറോസ് വിജയിച്ചത്. പി. കെ ഫിറോസ് 95164 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സലീം മടവൂര്‍ 58482 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി ഗിരി പമ്പനാൽ (ബിഡിജെഎസ്) 9832 വോട്ടുകളും നേടി.

2026- ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ മത്സരിച്ച മണ്ഡലം എന്ന പ്രത്യേകതയും കൊടുവള്ളിക്കുണ്ട്. 13 പേരാണ് കൊടുവള്ളി മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയത്. കോഴിക്കോട് താലൂക്കിലെ കിഴക്കോത്ത്, കൊടുവള്ളി, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകൾ ചേരുന്നതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. മുസ്ലീം ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും എൽഡിഎഫിൻ്റെ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. 1970-കളും 80-കളും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (IUML) സുവർണ്ണകാലമായിരുന്നു. ഇ അഹമ്മദ്, പിവി മുഹമ്മദ് തുടങ്ങിയ കരുത്തരായ നേതാക്കളിലൂടെ പാർട്ടി ഇവിടെ ശക്തമായ അടിത്തറ കെട്ടിപ്പടുത്തി. തുടർച്ചയായ വിജയങ്ങളിലൂടെ മണ്ഡലത്തെ ലീഗിന്റെ കോട്ടയാക്കി മാറ്റാൻ ഇവർക്ക് സാധിക്കുകയും ചെയ്തു. എങ്കിലും സിപിഎമ്മും ജനതാദളും കൃത്യമായ ഇടവേളകളിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും നിർണ്ണായകമായ വോട്ടുവിഹിതം നേടിയെടുക്കുകയും ചെയ്തു. മുസ്ലീം ലീഗിന്റെ കുത്തക തകർക്കാൻ ഇടതുപക്ഷ പാർട്ടികൾ നടത്തിയ പരീക്ഷണങ്ങൾ മണ്ഡലത്തിൽ പലപ്പോഴും വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു.

2006-ലും 2016-ലും കണ്ടത് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ വഴിത്തിരിവുകളായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ മറികടന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചതോടെ, മണ്ഡലം ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ഭൂമികയായി മാറുകയായിരുന്നു. കേവലം പാർട്ടി ചിഹ്നങ്ങൾക്കപ്പുറം വ്യക്തമായ വ്യക്തിപ്രഭാവത്തിനും പ്രാദേശിക വിഷയങ്ങൾക്കും ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ഈ വിജയങ്ങൾ തെളിയിക്കുന്നുണ്ട്.

2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ വിഎം ഉമ്മറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 60,365 വോട്ടുകൾ‌ നേടിയാണ് ഉമ്മർ വിജയിച്ചത്. സിപിഎമ്മിൻ്റെ എം മെഹബൂബ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. മെഹബൂബിന് 43,813 വോട്ടുകളായിരുന്നു ലഭിച്ചിരുന്നു. ബിജെപിക്ക് 6,519 വോട്ടുകളും ലഭിച്ചു. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ നടന്നത് വൻ അട്ടിമറിയായിരുന്നു. എൽ‌ഡിഎഫിൻ്റെ പിന്തുണയോടെ മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 61,033 വോട്ടുകളായിരുന്നു കാരാട്ട് റസാഖിന് ലഭിച്ചിരുന്നത്. മുസ്ലീം ലീഗ് സ്ഥാനാർഥി എംഎ റസാഖിന് 60,460 വോട്ടുകളാണ് ലഭിച്ചിരുന്നത്. ബിജെപി സ്ഥാനാർഥിക്ക് 11,537 വോട്ടുകളാണ് ലഭിച്ചിരുന്നത്.

2021-ലെ തെരഞ്ഞെടുപ്പിൽ ലീഗ് കൊടുവള്ളി പിടിച്ചെടുക്കുകയായിരുന്നു. മുസ്ലീം ലീഗ് നേതാവ് എംകെ മുനീറായിരുന്നു യുഡിഎഫിനുവേണ്ടി മത്സരിച്ചിരുന്നത്. 72,336 വോട്ടുകളായിരുന്നു എംകെ മുനീർ നേടിയിരുന്നത്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് റസാഖിന് 65,992 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് ലഭിച്ചിരുന്നത് 9,498 വോട്ടുകളായിരുന്നു. 6,344 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എംകെ മുനീർ അന്ന് വിജയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേമത്ത് പൂട്ടിയത് മന്ത്രിയപ്പൂപ്പന്‍റെ അക്കൗണ്ട്, താമര വിരിയിച്ച് രാജീവ് ചന്ദ്രശേഖൻ, കാലിടറി ശബരിനാഥൻ
റോഷി അ​ഗസ്റ്റിനും രക്ഷയില്ല, 20,000 ത്തിലധികം ഭൂരിപക്ഷം, ഇടുക്കി റോയ് കെ പൗലോസിനൊപ്പം