
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത് അതിഗംഭീര വിജയം. ആകെയുള്ള ഇരുപത് സീറ്റുകളില്‍ 18 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട വിജയമാണ് നേടിയത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 2.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ.അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണ് കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. രാഹുല്‍ ഗാന്ധിയും പികെ കുഞ്ഞാലിക്കുട്ടിയും ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു. 72 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഡ് ചെയ്യുകയാണ്.
പൊന്നാനിയില്‍ പിവി അൻവറിനെ ഇറക്കി ജയം നേടാമെന്ന ഇടത് പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കൊണ്ടാണ് ഇടി മുഹമ്മദ് ബഷീറിന്‍റെ മുന്നേറ്റം. 66 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 1.18 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നിട്ട് നില്‍ക്കുകയാണ് ഇടി മുഹമ്മദ് ബഷീര്‍.
ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയായി വിലയിരുത്തപ്പെടുന്ന ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ രമ്യ ഹരിദാസ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവിടെ കാഴ്ച്ച വച്ചത്. ശക്തമായ പ്രചാരണത്തിലൂടെ കളം നിറഞ്ഞ രമ്യ പികെ ബിജുവിന് ശക്തമായവെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും അവര്‍ അവിടെ ജയിക്കില്ല എന്നായിരുന്നു പൊതുവെയുള്ള നിരീക്ഷണം.
എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു അതിഗംഭീരമായ ഭൂരിപക്ഷത്തിനാണ് രമ്യ ആലത്തൂരില്‍ നിന്നും ജയിച്ചു കയറിയത്. ആലത്തൂര്‍ മണ്ഡലത്തിലെ 90 ശതമാനം വോട്ടുകളും എണ്ണി തീര്‍ന്നപ്പോള്‍ 1.40 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് രമ്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. ഭൂരിപക്ഷം ഒന്നരലക്ഷം കടന്നാലും നിലവിലെ സാഹചര്യത്തില്‍ അത്ഭുതപ്പെടേണ്ടതില്ല.
2014-ല്‍ ഇടുക്കിയില്‍ പരാജയപ്പെട്ട ഡീന്‍ കുര്യാക്കോസിന് ഇത് മധുരപ്രതികാരം കൂടിയാണ്. 2014-ല്‍ അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോര്‍ജ് ഡീനിനെ തോല്‍പിച്ചത്. എന്നാല്‍ ഇക്കുറി മൃഗീയ ഭൂരിപക്ഷത്തിന് ജയിച്ചു കൊണ്ടാണ് ഡീന്‍ ആ തോല്‍വിക്ക് പകരം വീട്ടുന്നത്. ഇടുക്കിയില്‍ 96 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 1.64 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഡീനിനുണ്ട്. തൊടുപുഴ നിയോജകമണ്ഡലത്തില്‍ മാത്രം 34,000 വോട്ടുകളുടെ ലീഡാണ് ഡീന്‍ നേടിയത്.
എറണാകുളത്ത് പി.രാജീവ് എന്ന ശക്തനായ സ്ഥാനാര്‍ത്ഥി രംഗത്തുണ്ടായിട്ടും, കെവി തോമസിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട അസ്വരാസ്യങ്ങളുണ്ടായിട്ടും അതിഗംഭീരമായ വിജയമാണ് കോണ്‍ഗ്രസിന്‍റെ യുവനേതാവ് ഹൈബി ഈഡന്‍ സ്വന്തമാക്കിയത്. എറണാകുളത്ത് 80 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 1.27 ലക്ഷം വോട്ടുകളുടെ ലീഡാണ് ഹൈബിക്കുള്ളത്.
കൊല്ലത്ത് കെ.എന്‍.ബാലഗോപാലിനെ പോലെ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകയും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം നയിക്കുകയും ചെയ്തിട്ടും എന്‍കെ പ്രേമചന്ദ്രന്‍ നേടിയ മിന്നും ജയത്തിന്‍റെ ആഘാതം അടുത്ത കാലത്തൊന്നും എല്‍ഡിഎഫിനെ വിട്ടു പോയേക്കില്ല. കഴിഞ്ഞ തവണത്തെ പോലെ വീണ്ടും പ്രേമചന്ദ്രനെതിരെ പിണറായി വിജയന്‍ പരനാറി പ്രയോഗം നടത്തുകയും ബിജെപി ബാന്ധവം ആരോപിച്ച് എല്‍ഡിഎഫ് പ്രചാരണം നടത്തുകയും ചെയ്തിട്ടും അതൊന്നും തന്നെ പ്രേമചന്ദ്രനെ സ്പര്‍ശിച്ചില്ല. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം കൊല്ലത്തുണ്ടായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ എങ്കിലും അതിനുമപ്പുറം മറ്റു പല കാരണങ്ങളും പ്രേമചന്ദ്രന്‍റെ ഗംഭീരവിജയത്തിലേക്ക് വഴി തുറന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam