തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി

Published : Dec 13, 2025, 04:26 PM IST
thrissur corporation

Synopsis

മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കുര്യച്ചിറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചു കയറിയത് യുഡിഎഫ് റിബല്‍ സ്ഥാനാർത്ഥിയാണ്.

തൃശൂർ: തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി നൽകി ജനവിധി. തൃശൂര്‍ കോര്‍പ്പറേഷന്‍ പത്തു വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കുര്യച്ചിറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചു കയറിയത് യുഡിഎഫ് റിബല്‍ സ്ഥാനാർത്ഥിയാണ്. കോര്‍പ്പറേഷനില്‍ മത്സരിച്ച രണ്ട് കെപിസിസി സെക്രട്ടറിമാരില്‍ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് തോറ്റപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ എ. പ്രസാദ് വിജയിച്ചു.

കോണ്‍ഗ്രസിന്‍റെ മേയർ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. ലാലി ജയിംസ് ലാലൂരിലും ശ്യാമളാ മുരളീധരന്‍ മുക്കാട്ടുകരയിലും സുബി ബാബു ഗാന്ധി നഗറിലും ഷീനാ ചന്ദ്രന്‍ പനമുക്കിലും വിജയിച്ചു. കോര്‍പ്പറേഷനില്‍ ആറുസീറ്റില്‍ നിന്ന് ബിജെപി എട്ടിലേക്ക് ഉയർന്നെങ്കിലും ഭരണം പിടിക്കാനിറങ്ങിയ ബിജെപിക്ക് നിരാശയായിരുന്നു ഫലം. കോട്ടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കൊപ്പം തുല്യ വോട്ട് ലഭിച്ച ബിജെപി സ്ഥാനാര്‍ഥി വിനോദ് കൃഷ്ണന്‍ ജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. 24 ല്‍ നിന്ന് പതിമൂന്നിലേക്ക് കൂപ്പുകുത്തിയ എല്‍ഡിഎഫിനേറ്റത് കനത്ത തിരിച്ചടി. മേയര്‍ സ്ഥാനാര്‍ഥികളായ ലിസി ലാലൂരിലും കൊക്കാലയില്‍ അജിതാ ജയരാജനും തോറ്റു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് നന്ദകുമാര്‍ ചേറൂരില്‍ കോണ്‍ഗ്രസിനോട് തോറ്റു. നഗരസഭകള്‍ കഴിഞ്ഞ തവണത്തെ നില പാലിച്ചു. എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ട് എങ്കിലും നഗരസഭകളില്‍ സീറ്റുയര്‍ത്താന്‍ യുഡ്എഫിന് കഴിഞ്ഞു. 

കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി ടിആര്‍ അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റു. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി എം.പി. ജാക്സന്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീലാല്‍ തോറ്റു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കരുവന്നൂര്‍ തട്ടിപ്പിലെ പരാതിക്കാരന്‍ സുരേഷ് പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയെങ്കിലും ഒമ്പത് സീറ്റ് നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചെങ്കിലും ആറെണ്ണം യുഡിഎഫ് നേടി.

കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റു. പഞ്ചായത്തുകളില്‍ മേല്‍ക്കൈ ഇടതുമുന്നണിയ്ക്കാണെങ്കിലും 35 ലേറെ പഞ്ചായത്തുകള്‍ തിരിച്ചു പിടിച്ച് കോണ്‍ഗ്രസ് കരുത്തുകാട്ടി. മുന്‍ എംഎല്‍എ അനില്‍ അക്കര മത്സരിച്ച അടാട്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസും അനില്‍ അക്കരയും വിജയിച്ചു. ആറിടങ്ങളില്‍ മുന്നണികള്‍ക്ക് തുല്യ നിലയാണ്. അവിശേരിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം വന്നു. വല്ലച്ചിറയില്‍ എല്‍ഡിഎഫും എന്‍ഡിഎയും തുല്യ നിലയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്വിന്‍റി20യുടെ രണ്ട് പഞ്ചായത്തുകളിലെ തോൽവിയിൽ പ്രതികരിച്ച് സാബു എം ജേക്കബ്ബ്; 'ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തു'
തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം, നഗരസഭ ബിജെപി പിടിച്ചതിൽ ശശി തരൂർ; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം എന്നും പ്രതികരണം